മുംബൈ: മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ വിവാഹച്ചടങ്ങുകൾക്കിടെയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്ന് യുവാക്കളെ കുത്തിക്കൊലപ്പെടുത്തി (Dhule Murder Case). സക്രി തഹ്‌സിലിലെ പിംലാനറിൽ ബുധനാഴ്ചയായിരുന്നു സംഭവം. സുരേഷ് ഗോസാവി (50), സാഹിൽ ഗോസാവി (35), ദേവേന്ദ്ര പവാർ (36) എന്നിവരാണ് കൊല്ലപ്പെട്ടത്.
വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ നിസ്സാരമായ വാക്കുതർക്കമാണ് കയ്യാങ്കളിയിലും അക്രമത്തിലും കലാശിച്ചത്. അക്രമിസംഘം മൂന്ന് പേരെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം പ്രതികൾ ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ അതിർത്തി മേഖലകളിൽ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകുകയും റോഡുകൾ ഉപരോധിക്കുകയും ചെയ്തു.
ഗുജറാത്ത്-നവാപൂർ അതിർത്തിയിൽ വെച്ച് നടത്തിയ തിരച്ചിലിൽ സംശയാസ്പദമായ വാഹനം തടഞ്ഞ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ സോങ്ങാഡിൽ നിന്നുള്ള കാന്റിലാൽ ഗോസാവി (42), ജസ്വന്ത് ഗോസാവി (36) എന്നിവരും ഇവരുടെ ഡ്രൈവറുമാണ് പിടിയിലായത്. ഇവരിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നെങ്കിലും പോലീസ് സുരക്ഷ ശക്തമാക്കിയതോടെ നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.



