തൃശൂർ: സംസ്ഥാനത്തെ ബാർ സമയ മാറ്റത്തിൽ പ്രതിപക്ഷത്തിന് അറിവുണ്ടായിരുന്നുവെന്ന എക്സൈസ് മന്ത്രിയുടെ വാദം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (VD Satheesan vs MB Rajesh). തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, ആരുമായും ചർച്ച ചെയ്യാതെയും മന്ത്രിസഭയിൽ വെക്കാതെയും ബാർ സമയം നീട്ടി നൽകിയതിന് പിന്നിൽ വലിയ ദുരൂഹതയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
എക്സൈസ് മന്ത്രിയുമായി സമീപകാലത്തൊന്നും ഫോണിൽ പോലും സംസാരിച്ചിട്ടില്ല. സർക്കാരിന് പ്രതിപക്ഷത്തിന്റെ അഭിപ്രായം അറിയണമെങ്കിൽ ബാർ ഉടമകളോടല്ല, പ്രതിപക്ഷത്തോടാണ് ചോദിക്കേണ്ടത്-വിഡി സതീശൻ പറഞ്ഞു. നൈറ്റ് ലൈഫുള്ള ടൂറിസം കേന്ദ്രങ്ങളിൽ സമയം നീട്ടുന്നത് മനസ്സിലാക്കാം. എന്നാൽ എല്ലാ ബാറുകളുടെയും സമയം ഒരേപോലെ നീട്ടിയത് എന്തിനാണെന്ന് വ്യക്തമല്ല. എൽ.ഡി.എഫ് കൺവീനർ പോലും അറിയാത്ത കാര്യം പ്രതിപക്ഷം അറിഞ്ഞു എന്ന് പറയുന്നത് വിരോധാഭാസമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
“കൂടുതൽ കാര്യങ്ങൾ പറയിപ്പിക്കേണ്ട” എന്ന മന്ത്രിയുടെ ഭീഷണി കൈയ്യിൽ വെച്ചാൽ മതി. ബ്രൂവറി അഴിമതി കേസിലെ പോലെ ഇവിടെയും നടപടിക്രമങ്ങൾ തെറ്റാണെന്ന് കോടതിക്ക് പറയേണ്ടി വരുമെന്നും സതീശൻ ഓർമ്മിപ്പിച്ചു. ഒരു വർഷം മുൻപ് ഈ ആവശ്യം ഉന്നയിച്ച് ബാർ ഉടമകൾ പ്രതിപക്ഷത്തെ സമീപിച്ചിരുന്നു. എന്നാൽ സർക്കാർ പെട്ടെന്ന് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് എങ്ങനെയെന്ന് അറിയില്ല- അദ്ദേഹം പറഞ്ഞു.
ബ്രൂവറി വിഷയത്തിലെന്ന പോലെ റോക്കറ്റ് വേഗത്തിലാണ് ഈ തീരുമാനവും എടുത്തത്. ഡൽഹിയിൽ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികൾ പോലും ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.



