ധാക്ക: ഇടക്കാല ഭരണത്തിന് വിരാമമിട്ട് ബംഗ്ലാദേശ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സർക്കാരിലേക്ക് നീങ്ങുന്നു. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഇന്ന് അധികാരമൊഴിയും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മാറ്റിനിർത്തി നടന്ന പൊതുതിരഞ്ഞെടുപ്പിന് പിന്നാലെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാവ് താരിഖ് റഹ്മാൻ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.(Decisive regime change in Bangladesh today, Tarique Rahman to be sworn in as Prime Minister)
ഭരണമാറ്റം അടുത്തിരിക്കെ മുഹമ്മദ് യൂനസിന്റെ വിശ്വസ്തരായ സഹായികൾ രാജ്യം വിടുന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. യൂനസിന്റെ പ്രത്യേക സഹായിയായിരുന്ന ഫൈസ് അഹമ്മദ് തയിബ് ജർമ്മനിയിലേക്ക് കടന്നതായി റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഉൾപ്പെടെയുള്ള നിർണ്ണായക വിഭാഗങ്ങളിൽ യൂനസിനെ സഹായിച്ചിരുന്ന തയിബിന്റെ ഈ നീക്കം ‘സർപ്രൈസ് എക്സിറ്റ്’ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്ന ഭയത്താൽ കൂടുതൽ ഉപദേശകർ സുരക്ഷിത താവളങ്ങൾ തേടി വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്നതായാണ് സൂചന. പല ഉപദേശകരും തങ്ങളെ വഞ്ചിച്ചുവെന്ന് നേരത്തെ എൻ.സി.പി കൺവീനർ നഹീദ് ഇസ്ലാം ആരോപിച്ചിരുന്നു. മുഹമ്മദ് യൂനസിന്റെ ഇടക്കാല ഭരണകൂടം കൈക്കൊണ്ട പല തീരുമാനങ്ങളും നിയമപരമായി ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സഹായികളുടെ നാടുവിടൽ അഭ്യൂഹങ്ങൾക്കിടയിലും ചില ഉപദേശകർ രാജ്യത്ത് തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. താൻ മരണം വരെ ബംഗ്ലാദേശിൽ തന്നെ കാണുമെന്ന് കാലാവസ്ഥാ കാര്യ ഉപദേശക സൈദ റിസ്‌വാന ഹസൻ വ്യക്തമാക്കി. ഭരണം സുഗമമായി കൈമാറുന്നതിനാലും ഉദ്യോഗസ്ഥ സംവിധാനം സുസ്ഥിരമായതിനാലും തങ്ങൾക്ക് ഭീഷണിയില്ലെന്നാണ് ഒരു വിഭാഗം അനുയായികളുടെ വാദം.



