ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന വിധത്തിൽ സംഘടന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ആകെ 193 അംഗരാജ്യങ്ങളിൽ 130-ഓളം രാജ്യങ്ങൾ വാർഷിക വിഹിതം അടയ്ക്കുന്നതിൽ കുടിശ്ശിക വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഇതിൽ ഏറ്റവും വലിയ വിഹിതം നൽകാനുള്ള അമേരിക്കയുടെ നിലപാടാണ് യുഎന്നിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.(UN in dire financial straits, US owes $4 billion)
ഏകദേശം 400 കോടി ഡോളറാണ് യുഎസ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. ഇതിൽ 219.6 കോടി ഡോളർ ദൈനംദിന പ്രവർത്തനങ്ങൾക്കും 180 കോടി ഡോളർ സമാധാന ദൗത്യങ്ങൾക്കുമാണ്. കുടിശ്ശിക വരുത്തിയ രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള വെനസ്വേല 3.8 കോടി ഡോളർ നൽകാനുണ്ട്. പണമടയ്ക്കാത്തതിനെത്തുടർന്ന് വെനസ്വേലയ്ക്ക് പൊതുസഭയിൽ വോട്ട് ചെയ്യാനുള്ള അവകാശം നഷ്ടമായി.
ഫെബ്രുവരി 8-ലെ സമയപരിധിക്കുള്ളിൽ വെറും 60 രാജ്യങ്ങൾ മാത്രമാണ് വിഹിതം പൂർണ്ണമായും അടച്ചത്. ജൂലൈ മാസത്തോടെ യുഎന്നിന്റെ പ്രവർത്തന ഫണ്ട് പൂർണ്ണമായും തീരാൻ സാധ്യതയുണ്ടെന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.



