കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ സൈലൻസറിൽ നിന്ന് തീ പുറപ്പെടുവിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ് (Kollam MVD Action). പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി ഉദ്യോഗസ്ഥർ കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയിരിക്കുകയാണ്.
അമിതമായ രീതിയിൽ രൂപമാറ്റം വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വാഹനം ഓടിച്ച മുഹമ്മദ് ഇർഫാന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.
പൊതുനിരത്തിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും കാർ ഓടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്. ഗതാഗത നിയമങ്ങൾ ലംഘിക്കുകയും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുകയും ചെയ്യുന്ന രീതിയിലുള്ള ഇത്തരം നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്ന് അധികൃതർ അറിയിച്ചു.



