ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും (UAE Rain Alert) സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരത്തോടെ മഴ കൂടുതൽ കടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ എമിറേറ്റുകളിൽ മഞ്ഞ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ കാറ്റും അതിനെത്തുടർന്നുണ്ടാകുന്ന പൊടിക്കാറ്റും ദൃശ്യപരിധി കുറയ്ക്കാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെങ്കിലും ചുഴലിക്കാറ്റ് ഭീഷണിയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം
അസ്ഥിരമായ കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ റോഡുകളിലിറങ്ങുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. വാഹനങ്ങൾ വേഗത കുറച്ച് മാത്രം ഡ്രൈവ് ചെയ്യുക. ട്രാഫിക് നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, വാദികൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.
വിമാനയാത്രക്കാർ, ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ മാറ്റമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തുക. വിമാനത്താവളത്തിലേക്ക് നേരത്തെ തിരിക്കാനും അധികൃതർ നിർദ്ദേശിച്ചു.
വീടുകളിൽ നമസ്കരിക്കാൻ നിർദ്ദേശം
പൊതുജന സുരക്ഷ കണക്കിലെടുത്ത്, മഴ ശക്തമായ പ്രദേശങ്ങളിലെ വിശ്വാസികൾ വീടുകളിൽ തന്നെ നമസ്കാരം നിർവ്വഹിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പള്ളികളിൽ ബാങ്ക് വിളിച്ചതിന് പിന്നാലെ ‘വീടുകളിൽ നിന്ന് നമസ്കരിക്കുക’ എന്ന സന്ദേശം ലൗഡ് സ്പീക്കറിലൂടെ അറിയിക്കാൻ ഇമാമുമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തി പ്രാദേശിക അടിസ്ഥാനത്തിലായിരിക്കും ഈ നിർദ്ദേശം നടപ്പിലാക്കുക.
മഴയെ നേരിടാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സജ്ജമാണെന്നും അനാവശ്യ ഭീതിയുടെ ആവശ്യമില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Short Story Summary:
The UAE National Center of Meteorology (NCM) has issued heavy rain and thunderstorm alerts across the country, starting Thursday evening. Orange and yellow alerts are in place due to expected unstable weather, including hail and dust storms. Authorities have advised motorists to be cautious, avoided low-lying areas, and suggested flight passengers check schedules beforehand. Additionally, a directive has been issued for residents in affected areas to perform prayers at home for safety.

