ലണ്ടൻ: ഇറാനെതിരെയുള്ള യുദ്ധത്തിൽ വിജയിക്കാൻ തനിക്ക് ബ്രിട്ടന്റെ സഹായം ആവശ്യമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Trump Rejects UK Help Iran War). മിഡിൽ ഈസ്റ്റിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയക്കാൻ ബ്രിട്ടൻ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് സഖ്യകക്ഷിയായ ബ്രിട്ടനെതിരെ ട്രംപ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കുന്നതിന് തുടക്കത്തിൽ അനുമതി നൽകാതിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ നടപടിയെ ട്രംപ് നേരത്തെ തന്നെ വിമർശിച്ചിരുന്നു. “ബ്രിട്ടൻ അവരുടെ വിമാനവാഹിനിക്കപ്പലുകൾ അയക്കാൻ ആലോചിക്കുന്നുണ്ട്, എന്നാൽ അതിന്റെ ആവശ്യമില്ല. യുദ്ധം ജയിച്ചുകഴിയുമ്പോൾ കൂടെ കൂടുന്നവരെ ഞങ്ങൾക്ക് ആവശ്യമില്ല. ബ്രിട്ടന്റെ ഈ നിലപാട് ഞങ്ങൾ ഓർത്തുവെക്കും,” ട്രംപ് കുറിച്ചു. ബ്രിട്ടനുമായുള്ള ചരിത്രപരമായ ബന്ധം സ്റ്റാർമർ നശിപ്പിച്ചതായും ട്രംപ് കുറ്റപ്പെടുത്തി.
ബ്രിട്ടീഷ് വിമാനവാഹിനിക്കപ്പലായ ‘പ്രിൻസ് ഓഫ് വെയിൽസ്’ മിഡിൽ ഈസ്റ്റിലേക്ക് അയക്കാൻ തയ്യാറെടുക്കുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. നിയമപരമായ കൃത്യതയില്ലാത്തതിനാലാണ് തുടക്കത്തിൽ താവളങ്ങൾ ഉപയോഗിക്കാൻ അനുമതി നൽകാതിരുന്നതെന്നാണ് സ്റ്റാർമറുടെ വിശദീകരണം. എന്നാൽ പിന്നീട് പ്രതിരോധ ആവശ്യങ്ങൾക്കായി അമേരിക്കയ്ക്ക് താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയിരുന്നു. ഗ്രീൻലാൻഡ് വാങ്ങാനുള്ള ട്രംപിന്റെ നീക്കത്തെയും യൂറോപ്യൻ സൈന്യത്തെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങളെയും സ്റ്റാർമർ നേരത്തെ വിമർശിച്ചിരുന്നു.
Summary: U.S. President Donald Trump has stated that the United States does not need Britain’s military assistance to win the war against Iran. His remarks followed reports of the UK preparing to deploy aircraft carriers to the Middle East.

