പെർത്ത്: കടലിലെ അതിശക്തമായ കാറ്റിലും തിരമാലയിലും പെട്ട് നിയന്ത്രണം നഷ്ടമായ അമ്മയെയും രണ്ട് സഹോദരങ്ങളെയും രക്ഷിക്കാൻ 13 വയസ്സുകാരൻ നടത്തിയത് അതിസാഹസികമായ പോരാട്ടം (Teen Swims 4km to Save Family). പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ക്വിൻഡലപ്പിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. കടലിൽ കയാക്കിങ്ങും പാഡിൽ ബോർഡിംഗും നടത്തുന്നതിനിടെ ശക്തമായ കാറ്റിൽ ഇവർ തീരത്തുനിന്ന് കിലോമീറ്ററുകളോളം ദൂരേക്ക് ഒലിച്ചുപോകുകയായിരുന്നു. സഹായം തേടി കരയിലേക്ക് വരാൻ കയാക്കിൽ ശ്രമിച്ചുവെങ്കിലും അതിൽ വെള്ളം കയറി മുങ്ങിയതോടെ കുട്ടി കടലിലേക്ക് എടുത്തുചാടി.
ഏകദേശം നാല് കിലോമീറ്ററോളം ദൂരം, നാല് മണിക്കൂർ കൊണ്ടാണ് ഈ കൗമാരക്കാരൻ നീന്തിക്കയറിയത്. ഇതിൽ ആദ്യത്തെ രണ്ട് മണിക്കൂർ ലൈഫ് ജാക്കറ്റ് ധരിച്ചും പിന്നീട് അത് അഴിച്ചുമാറ്റിയുമാണ് കുട്ടി നീന്തി കരയ്ക്കെത്തിയത്. കരയിൽ എത്തിയ ഉടൻ തളർന്നു വീണുവെങ്കിലും മനക്കരുത്ത് വീണ്ടെടുത്ത് രണ്ട് കിലോമീറ്റർ ദൂരം ഓടി അടുത്തുള്ള ഫോണിൽ നിന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ധീരമായ ഈ നീക്കമാണ് പിന്നീട് വലിയൊരു രക്ഷാപ്രവർത്തനത്തിന് വഴിതുറന്നത്.
വിവരമറിഞ്ഞ ഉടൻ വെസ്റ്റേൺ ഓസ്‌ട്രേലിയൻ പോലീസും ഹെലികോപ്റ്ററും രംഗത്തെത്തി. കരയിൽ നിന്ന് 14 കിലോമീറ്റർ അകലെ കടലിൽ പാഡിൽ ബോർഡിൽ മുറുകെ പിടിച്ചു കിടക്കുകയായിരുന്ന 47 വയസ്സുകാരിയായ അമ്മയെയും 12, 8 വയസ്സുള്ള സഹോദരങ്ങളെയും രാത്രി 8:30-ഓടെയാണ് രക്ഷാസംഘം ഇവരെ കണ്ടെത്തിയത്. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതും കുട്ടിയുടെ വ്യക്തമായ വിവരണം ലഭിച്ചതും രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു. കിലോമീറ്ററുകളോളം നീന്തിയും ഓടിയും സഹായമെത്തിച്ച ഈ കൊച്ചു മിടുക്കനെ അധികൃതർ ‘യഥാർത്ഥ ഹീറോ’ എന്നാണ് വിശേഷിപ്പിച്ചത്.
Summary: A 13-year-old boy saved his mother and siblings by swimming for four hours through rough seas to get help after they were swept 14km offshore in Western Australia.

