ലണ്ടൻ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരിൽ പീറ്റർ മാൻഡൽസണെ യുഎസ് അംബാസഡറായി നിയമിച്ചതിനെത്തുടർന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ (Shabana Mahmood potential UK Prime Minister). എപ്സ്റ്റീൻ ഫയലുകൾ പുറത്തുവന്നതോടെ മാൻഡൽസന്റെ വിവാദ ബന്ധങ്ങൾ ചർച്ചയാവുകയും, ഇതിനെത്തുടർന്ന് സ്റ്റാർമർ രാജിവെക്കണമെന്ന ആവശ്യം സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ശക്തമാവുകയും ചെയ്തു. സ്കോട്ടിഷ് ലേബർ പാർട്ടി നേതാവ് അനസ് സർവാർ ഉൾപ്പെടെയുള്ള പ്രമുഖർ സ്റ്റാർമറുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റാർമറുടെ പിൻഗാമിയായി നിലവിലെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദിന്റെ പേരാണ് പ്രമുഖമായി ഉയർന്നു കേൾക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ബ്രിട്ടന്റെ ചരിത്രത്തിലെ ആദ്യ മുസ്ലിം പ്രധാനമന്ത്രിയായി ഷബാന മാറും.
ബ്രിട്ടനിലെ ബർമിംഗ്ഹാമിൽ ജനിച്ച ഷബാന മഹ്‌മൂദ് പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ വേരുകളുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്ന് നിയമപഠനം പൂർത്തിയാക്കിയ അവർ പ്രമുഖ ബാരിസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ പാർലമെന്റിലെത്തിയ അവർ ബ്രിട്ടനിലെ ആദ്യ മുസ്ലിം വനിതാ എംപിമാരിൽ ഒരാളാണ്. 2025-ൽ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റ ഷബാന, കുടിയേറ്റം നിയന്ത്രിക്കുന്നതിലും അതിർത്തി സുരക്ഷ കർശനമാക്കുന്നതിലും സ്വീകരിച്ച കടുത്ത നിലപാടുകളിലൂടെ ശ്രദ്ധേയയാണ്. ലേബർ പാർട്ടിയിലെ വലതുപക്ഷ വിഭാഗത്തിന്റെ പിന്തുണയുള്ള അവർക്ക്, പാർട്ടിയെ ഐക്യത്തോടെ നയിക്കാൻ കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Summary: British Prime Minister Keir Starmer is facing intense pressure to resign following the controversial appointment of Peter Mandelson as US Ambassador, despite Mandelson’s links to Jeffrey Epstein.



