കീവ്: ശനിയാഴ്ച പുലർച്ചെ ഉക്രെയ്നിലെ ഖാർകീവ് നഗരത്തിലുണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് കുട്ടികളടക്കം ഏഴ് പേർ കൊല്ലപ്പെട്ടു (Russia Missile Strike Kharkiv). രാജ്യത്തുടനീളമുള്ള ഊർജ്ജ നിലയങ്ങളെയും റെയിൽവേ ശൃംഖലയെയും ലക്ഷ്യമിട്ട് റഷ്യ 480 ഡ്രോണുകളും 29 മിസൈലുകളും തൊടുത്തതായി ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. ഖാർകീവിലെ അഞ്ച് നിലകളുള്ള പാർപ്പിട സമുച്ചയത്തിന് നേരെയാണ് ബാലിസ്റ്റിക് മിസൈൽ പതിച്ചത്.
മിസൈൽ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. ഖാർകീവിൽ ഏഴ് പാർപ്പിട സമുച്ചയങ്ങൾക്കും വാണിജ്യ-ഭരണ കേന്ദ്രങ്ങൾക്കും പുറമെ വൈദ്യുതി വിതരണ ലൈനുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി പ്രാദേശിക ഗവർണർ ഒലേ സിനീഹുബോവ് വ്യക്തമാക്കി. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള റഷ്യയുടെ ഈ ക്രൂരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് സെലെൻസ്‌കി ആവശ്യപ്പെട്ടു.
മധ്യ ഉക്രെയ്നിലെ നാല് റെയിൽവേ സ്റ്റേഷനുകൾക്കും റെയിൽവേ ട്രാക്കുകൾക്കും നേരെയും ആക്രമണമുണ്ടായി. ദക്ഷിണ ഉക്രെയ്നിലെ ഒഡേസ മേഖലയിലുള്ള തുറമുഖങ്ങളെ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തിൽ ധാന്യപ്പുരകൾക്കും പച്ചക്കറി എണ്ണ സൂക്ഷിച്ചിരുന്ന കണ്ടെയ്നറുകൾക്കും തീപിടിച്ചു. ഉക്രെയ്നിലെ റെയിൽവേ, വൈദ്യുതി സംവിധാനങ്ങളെ പൂർണ്ണമായും തകർക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അതിനാൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകി ലോകരാജ്യങ്ങൾ ഉക്രെയ്നെ സഹായിക്കണമെന്നും സെലെൻസ്‌കി ടെലഗ്രാം സന്ദേശത്തിലൂടെ അഭ്യർത്ഥിച്ചു.
Summary: At least seven people, including two children, were killed in a Russian missile strike on a residential building in Kharkiv on Saturday.

