ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരൻ ഹാരിക്ക് എതിരെ അദ്ദേഹം തന്നെ മുൻകൈ എടുത്ത് സ്ഥാപിച്ച ചാരിറ്റി സംഘടനയായ ‘സെന്റേബെയ്ൽ’ ലണ്ടൻ ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തു (Prince Harry Libel Lawsuit Sentebale). അന്തരിച്ച മാതാവ് ഡയാന രാജകുമാരിയുടെ സ്മരണാർത്ഥം 2006-ൽ ഹാരി സ്ഥാപിച്ച സംഘടനയാണിത്. കഴിഞ്ഞ വർഷം സംഘടനയുടെ ബോർഡ് ചെയർപേഴ്സൺ സോഫി ചന്ദൗക്കയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ഹാരി സംഘടനയിൽ നിന്ന് രാജിവെച്ചിരുന്നു.
തങ്ങൾക്കെതിരെ ബോധപൂർവ്വമായ മാധ്യമപ്രചാരണം നടത്തി വ്യക്തിഹത്യക്കും സ്ഥാപനത്തിന്റെ തകർച്ചയ്ക്കും ഹാരിയും സുഹൃത്തായ മാർക്ക് ഡയറും ശ്രമിച്ചു എന്നാണ് സംഘടനയുടെ പ്രധാന ആരോപണം. ഹാരിയുടെ ഇടപെടൽ മൂലം സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നതായും ഇതിലൂടെ സംഘടനയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായും സെന്റേബെയ്ൽ കോടതിയെ അറിയിച്ചു. ‘മറന്നുപോകരുത്’ എന്നർത്ഥമുള്ള ഈ സംഘടന ലെസോത്തോയിലെയും ബോട്സ്വാനയിലെയും എച്ച്ഐവി ബാധിതരായ കുട്ടികളെ സഹായിക്കാനാണ് പ്രവർത്തിക്കുന്നത്.
ഹാരിയും മാർക്ക് ഡയറും ഈ ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ചു. രണ്ട് പതിറ്റാണ്ടോളം തങ്ങൾ പടുത്തുയർത്തിയ പ്രസ്ഥാനത്തിന്റെ ഫണ്ട്, തങ്ങൾക്കെതിരെ തന്നെ നിയമനടപടി സ്വീകരിക്കാൻ ഉപയോഗിക്കുന്നത് ഖേദകരമാണെന്ന് ഹാരിയുടെ വക്താവ് പ്രതികരിച്ചു. നേരത്തെ ഇവർക്കെതിരെ ഉയർന്ന പീഡന ആരോപണങ്ങളിൽ ചാരിറ്റി കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നെങ്കിലും, ഭരണപരമായ വീഴ്ചകൾ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിരുന്നു.
Summary: Sentebale, a charity co-founded by Prince Harry, has filed a libel lawsuit against him and his friend Mark Dyer at the London High Court. The charity alleges that Harry led a media campaign causing reputational harm after his resignation in 2025. Harry has rejected these claims, criticizing the use of charitable funds for legal action. Previously, the Charity Commission found no evidence of bullying but cited weak governance in the organization’s public disputes.

