ലാഹോർ: അയൽരാജ്യമായ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി സംഘർഷങ്ങൾക്കും പശ്ചിമേഷ്യയിലെ ഇറാൻ-ഇസ്രയേൽ യുദ്ധത്തിനുമിടയിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ പ്രതിസന്ധിയിൽ. വ്യോമഗതാഗതം തടസ്സപ്പെടുകയും സുരക്ഷാ ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ, ലീഗിൽ പങ്കെടുക്കുന്ന പ്രമുഖ വിദേശ താരങ്ങളുടെ സുരക്ഷയെച്ചൊല്ലി ആശങ്ക ശക്തമാകുകയാണ്.(PCB reacts after Australian players allegedly get ‘do not travel’ alert for a Pakistan city in PSL)
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ, മാർനസ് ലബുഷെയ്ൻ, ഗ്ലെൻ മാക്സ്‌വെൽ തുടങ്ങിയ ലോകോത്തര ഓസ്‌ട്രേലിയൻ താരങ്ങൾ ഇത്തവണ പിഎസ്എല്ലിൽ കരാറിലുണ്ട്. ഐപിഎൽ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ്, മാർച്ച് 26-നാണ് ലീഗ് ആരംഭിക്കുന്നത്. എന്നാൽ മേഖലയിലെ സംഘർഷം കണക്കിലെടുത്ത് പാക്കിസ്ഥാനിലേക്ക് പോകുന്ന പൗരന്മാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പെഷവാർ നഗരത്തെ പിഎസ്എൽ വേദിയാക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരുന്നു. മാർച്ച് 28-ന് പെഷവാറിലെ ഇമ്രാൻ ഖാൻ സ്റ്റേഡിയത്തിൽ നടക്കേണ്ട പെഷവാർ സൽമി – റാവൽപിണ്ടി മത്സരമാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായത്. പാക്-അഫ്ഗാൻ സംഘർഷം നിലനിൽക്കുന്നതിനാൽ പെഷവാറിലേക്ക് യാത്ര ചെയ്യരുതെന്ന് ഓസ്‌ട്രേലിയൻ താരങ്ങൾക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ആരൺ ഹാർഡി, ജേക് ഫ്രേസർ മഗ്രുക് തുടങ്ങിയ താരങ്ങൾ പെഷവാറിലേക്ക് പോകാൻ വിസമ്മതിച്ചാൽ അത് പിസിബിക്ക് വലിയ നാണക്കേടാകും.
സാഹചര്യം വഷളാകുകയാണെങ്കിൽ താരങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനമടക്കമുള്ള സൗകര്യങ്ങൾ ഓസ്‌ട്രേലിയൻ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം, സിംബാബ്‌വെ താരം ബ്ലെസിങ് മുസറബനി പാക് ലീഗ് ഉപേക്ഷിച്ച് ഐപിഎല്ലിൽ കളിക്കാൻ ഇന്ത്യയിലേക്ക് പോയത് പിസിബിയെ ചൊടിപ്പിച്ചിട്ടുണ്ട്. താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബോർഡിന്റെ നിലപാട്.

