മസ്‌കറ്റ്: ഒമാനിലെ റുസ്താഖ് വിലായത്തിൽ ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടം തകർന്നു വീണ് നാല് കുട്ടികൾ മരിച്ചു (Oman Building Collapse). കെട്ടിടത്തിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഏഴ് കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. മണ്ണുകൊണ്ട് നിർമ്മിച്ചതും കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതുമായ കെട്ടിടമാണ് തകർന്നത്. കുട്ടികൾ കെട്ടിടത്തിനുള്ളിൽ ഇരിക്കുമ്പോഴായിരുന്നു അപകടം.
ഒമാൻ പോലീസും സിവിൽ ഡിഫൻസ് വിഭാഗവും ഉടൻ തന്നെ സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടികളെ പുറത്തെടുത്തു. പരിക്കേറ്റ മൂന്ന് കുട്ടികളുടെയും നില അതീവ ഗുരുതരമാണെന്ന് ഒമാൻ പോലീസ് അറിയിച്ചു.
മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴ പഴയ കെട്ടിടം തകരാൻ കാരണമായതായാണ് പ്രാഥമിക നിഗമനം. മിന്നൽ പ്രളയത്തിൽ രണ്ട് മലയാളികൾ മരിച്ചതിന് പിന്നാലെയാണ് ഒമാനെ നടുക്കിയ ഈ പുതിയ ദുരന്തവാർത്തയും വരുന്നത്.
പഴയതും ബലക്ഷയമുള്ളതുമായ കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്തത്തിൽ ഒമാൻ ഭരണകൂടം അനുശോചനം രേഖപ്പെടുത്തി.
Story Summary:
Tragedy struck in Oman’s Rustaq Wilayat as four children died when an abandoned mud building collapsed on them. Out of the seven children inside at the time of the incident, three were rescued but remain in critical condition. Authorities believe recent heavy rains weakened the old structure, leading to the collapse. Oman Police have urged citizens to stay away from dilapidated buildings.

