പ്യോങ്‌യാങ്: വിദേശ രാജ്യങ്ങളിലെ സൈനിക നീക്കങ്ങളിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കായി പ്യോങ്‌യാങ്ങിൽ പുതിയ ഭവന സമുച്ചയം തുറന്ന് നൽകി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ‘സെപ്യോൾ സ്ട്രീറ്റ്’ (North Korea Saeppyol Street) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പാർപ്പിട പ്രദേശം ഉത്തരകൊറിയയുടെ അഭിമാനമാണെന്ന് കിം ജോങ് ഉൻ വിശേഷിപ്പിച്ചു. ഉക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കാനായി ഉത്തരകൊറിയൻ സൈന്യത്തെ വിന്യസിച്ച സാഹചര്യത്തിലാണ് ഈ നീക്കമെന്നത് ഏറെ ശ്രദ്ധേയമാണ്.
തിങ്കളാഴ്ച (ഫെബ്രുവരി 16) നടന്ന ഉദ്ഘാടന ചടങ്ങിൽ മകൾ കിം ജൂ ഏയും കിമ്മിനോടൊപ്പമുണ്ടായിരുന്നു. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ ആശ്വസിപ്പിച്ച കിം, സൈനികരുടെ ത്യാഗം ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും അറിയിച്ചു. റഷ്യയുമായുള്ള പ്രതിരോധ കരാറിന്റെ ഭാഗമായി ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികർ ഉക്രൈൻ യുദ്ധത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഉക്രൈൻ യുദ്ധത്തിൽ ഇതുവരെ ഏകദേശം 6,000 ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് ദക്ഷിണ കൊറിയൻ ചാരസംഘടനയുടെ കണക്ക്.
സൈനികർക്ക് ആദരമർപ്പിക്കുന്നതിനായി പുതിയ സ്മാരക സമുച്ചയങ്ങളും ഉത്തരകൊറിയ അടുത്തിടെ നിർമ്മിച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ നയങ്ങൾക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച കിം ജോങ് ഉൻ, സൈന്യത്തിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനാണ് ഇത്തരം പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പാർട്ടിയുടെ വലിയ രാഷ്ട്രീയ സമ്മേളനത്തിന് മുന്നോടിയായാണ് ഈ ഭവനപദ്ധതിയുടെ ഉദ്ഘാടനം നടന്നത്.
Summary: North Korean leader Kim Jong Un inaugurated a new housing district in Pyongyang for families of soldiers killed in overseas military operations, specifically amid the country’s involvement in the Russia-Ukraine war.



