നേയ്പിഡോ: മ്യാൻമറിൽ 2021-ലെ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത സൈനിക മേധാവി സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ് സ്ഥാനമൊഴിഞ്ഞു (Min Aung Hlaing Steps Down). രാജ്യത്തെ പുതിയ പ്രസിഡന്റാകാനുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം സൈനിക നേതൃത്വത്തിൽ നിന്ന് പടിയിറങ്ങിയത്. മ്യാൻമർ പാർലമെന്റിന്റെ അധോസഭയിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട രണ്ട് സ്ഥാനാർത്ഥികളിൽ ഒരാളാണ് 69-കാരനായ ഹ്ലൈങ്.
കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ നടന്ന വിവാദമായ പൊതുതിരഞ്ഞെടുപ്പിന് പിന്നാലെയാണ് ഈ നീക്കം. ഐക്യരാഷ്ട്രസഭയും പാശ്ചാത്യ രാജ്യങ്ങളും ഈ തിരഞ്ഞെടുപ്പിനെ തള്ളിക്കളഞ്ഞിരുന്നു. 2011 മുതൽ സൈനിക മേധാവിയായിരുന്ന ഹ്ലൈങ്, ഓങ് സാൻ സൂചിയുടെ ജനാധിപത്യ സർക്കാരിനെ പുറത്താക്കിയാണ് ഭരണം പിടിച്ചെടുത്തത്. ഇതിനുപിന്നാലെ രാജ്യത്ത് ഉടലെടുത്ത ആഭ്യന്തര യുദ്ധം ഇപ്പോഴും തുടരുകയാണ്. തന്റെ വിശ്വസ്തനായ ജനറൽ യേ വിൻ ഊവിനാണ് ഹ്ലൈങ് പുതിയ സൈനിക മേധാവി സ്ഥാനം കൈമാറിയത്.
മുൻ ഇന്റലിജൻസ് മേധാവിയായ യേ വിൻ ഊ, മിൻ ഓങ് ഹ്ലൈങ്ങിന്റെ ഏറ്റവും അടുത്ത അനുയായിയായാണ് അറിയപ്പെടുന്നത്. മ്യാൻമർ പാർലമെന്റിന്റെ ഇരുസഭകളും ചേർന്ന് മൂന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളിൽ നിന്നാണ് ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുക്കുക. ഇതിനായുള്ള വോട്ടെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തന്റെ അധികാരം ഉറപ്പിക്കാനും പ്രസിഡന്റ് പദവിയിലൂടെ ഭരണത്തിന് നിയമസാധുത നൽകാനുമാണ് ഹ്ലൈങ് ലക്ഷ്യമിടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Summary: Myanmar’s military junta chief Senior General Min Aung Hlaing stepped down as commander-in-chief on Monday to seek the presidency. He was nominated as a vice-presidential candidate in the newly convened parliament following controversial elections. Min Aung Hlaing handed over military command to his trusted loyalist, General Ye Win Oo.

