പ്യോങ്യാങ്: അതിർത്തി ലംഘിച്ച് ദക്ഷിണ കൊറിയൻ ഡ്രോണുകൾ ഉത്തരകൊറിയൻ ആകാശപരിധിയിൽ പ്രവേശിച്ച സംഭവത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുങ്ങ് ഖേദപ്രകടനം നടത്തിയതിനെ പ്രശംസിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. ലീയുടെ ഖേദപ്രകടനം “തുറന്ന മനസ്സുള്ള ഒരാളുടെ മനോഭാവമാണ്” എന്ന് കിം ജോങ് ഉൻ വിശേഷിപ്പിച്ചതായി അദ്ദേഹത്തിന്റെ സഹോദരി കിം യോ ജോങ് പ്രസ്താവനയിൽ അറിയിച്ചു.(Kim Jong Un praises South Korean President for Apology on Drones)
കഴിഞ്ഞ ജനുവരിയിൽ ദക്ഷിണ കൊറിയൻ ഡ്രോണുകൾ തങ്ങളുടെ ആകാശപരിധിയിൽ പ്രവേശിച്ചതായി ഉത്തരകൊറിയ ആരോപിക്കുകയും അവയുടെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്തുവിടുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ദക്ഷിണ കൊറിയൻ സൈന്യത്തിന് പങ്കില്ലെന്നായിരുന്നു ആദ്യ നിലപാടെങ്കിലും, നടത്തിയ അന്വേഷണത്തിൽ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥനും സൈനികനും ഇതിന് പിന്നിൽ പ്രവർത്തിച്ചതായി കണ്ടെത്തിയെന്ന് പ്രസിഡന്റ് ലീ ജേ മ്യുങ്ങ് വെളിപ്പെടുത്തി.
സർക്കാരിന്റെ താല്പര്യപ്രകാരമല്ല ഇത് നടന്നതെങ്കിലും, ഏതാനും വ്യക്തികളുടെ നിരുത്തരവാദപരമായ നടപടികൾ കാരണം സൈനിക സംഘർഷം ഉണ്ടായതിൽ ഉത്തരകൊറിയയോട് ഖേദം പ്രകടിപ്പിക്കുന്നു എന്ന് തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ലീ പറഞ്ഞു. ലീയുടെ പ്രസ്താവനയെ “ഭാഗ്യകരവും വിവേകപൂർണ്ണവുമായ പെരുമാറ്റം” എന്നാണ് കിം യോ ജോങ് വിശേഷിപ്പിച്ചത്. എന്നാൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ദക്ഷിണ കൊറിയ വലിയ വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും അവർ നൽകി. സമാധാനത്തെക്കുറിച്ച് വാചാലരാകുന്നതിന് പകരം പ്രകോപനങ്ങളിൽ നിന്ന് ദക്ഷിണ കൊറിയ പിന്തിരിയണമെന്നും അവർ കൂട്ടിച്ചേർത്തു.

