ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന വ്യോമാക്രമണങ്ങളിൽ പ്രവാസികൾക്ക് ദാരുണാന്ത്യം (Iran drone attack Oman). ഒമാനിലെ സോഹാറിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ കൊല്ലപ്പെട്ടു. സോഹാർ വിലായത്തിലെ അൽ ഓഹിയിലുള്ള ലേബർ ക്യാമ്പിന് മുകളിൽ ഡ്രോൺ പതിച്ചാണ് അപകടമുണ്ടായത്.
ലേബർ ക്യാമ്പിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പത്ത് ഇന്ത്യക്കാരടക്കം 11 പ്രവാസികൾക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് ഇന്ത്യക്കാർ ചികിത്സയിൽ തുടരുകയാണ്. ഒരാളുടെ നില ഗുരുതരമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. ഇതിൽ ഒരെണ്ണം ലേബർ ക്യാമ്പിലും മറ്റൊന്ന് തുറസ്സായ സ്ഥലത്തുമാണ് പതിച്ചതെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.
യുഎഇയിലും മറ്റ് രാജ്യങ്ങളിലും ആക്രമണ ശ്രമം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കനത്ത ആക്രമണ ശ്രമങ്ങളുണ്ടായി. 27 ഡ്രോണുകളും 7 മിസൈലുകളും പ്രതിരോധ മന്ത്രാലയം തകർത്തു. യുഎഇയിൽ ഇതുവരെ വിവിധയിടങ്ങളിലായി 141 പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. കുവൈത്തിലും സൗദി അറേബ്യയിലും സമാനമായ രീതിയിൽ ഡ്രോൺ, മിസൈൽ ആക്രമണ ശ്രമങ്ങൾ നടന്നതായും പ്രതിരോധ സേനകൾ ഇവയെ പ്രതിരോധിച്ചതായും റിപ്പോർട്ടുകളുണ്ട്.
മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നത് ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ സുരക്ഷയെ ബാധിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
Story Summary: Two Indians were killed and several others injured in a drone attack by Iran in Sohar, Oman. The drone hit a labor camp in Al Ohi. Across the Gulf, including UAE, Kuwait, and Saudi Arabia, multiple drone and missile attacks were reported, causing widespread concern among the expatriate community.

