ആദ്യമായി ജോലിയിൽ പ്രവേശിച്ചതിന്റെ ആവേശത്തിലായിരുന്ന ഒരു ഇന്റേണിന് ലഭിച്ചത് അവിശ്വസനീയമായ അനുഭവം. ഓഫീസ് സമയം കഴിഞ്ഞ് വീട്ടിലെത്തിയ ഇന്റേണിനെ ഉടൻ തിരികെ വരാൻ കമ്പനി ആവശ്യപ്പെടുകയും, വരാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ ജോലിയിൽ പ്രവേശിച്ച ആദ്യ ദിവസം തന്നെ പിരിച്ചുവിടുകയും ചെയ്തു (Intern Fired First Day Office Hours). ‘ആൽഫ ടെസ്റ്റ്’ എന്ന എസ്.എ.ടി (SAT) കോച്ചിംഗ് സ്ഥാപനത്തിലാണ് സംഭവം നടന്നത്. റെഡിറ്റിലൂടെയാണ് ഇന്റേൺ തന്റെ ദുരനുഭവം പങ്കുവെച്ചത്.
രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു ഔദ്യോഗിക ജോലി സമയം. എന്നാൽ ആദ്യ ദിവസം തന്നെ ഉത്തരവാദിത്തത്തോടെ പണികൾ പൂർത്തിയാക്കാൻ 6:30 വരെ താൻ ഓഫീസിൽ തുടർന്നുവെന്ന് ഇന്റേൺ പറയുന്നു. എന്നാൽ 7:30-ഓടെ വീട്ടിലെത്തിയപ്പോൾ സ്ഥാപനത്തിലെ പാർട്ണർ വിളിച്ച് ഉടൻ ഓഫീസിലേക്ക് എത്താൻ ആജ്ഞാപിക്കുകയായിരുന്നു. പ്രത്യേകിച്ച് അടിയന്തര സാഹചര്യമൊന്നുമില്ലാതിരുന്നിട്ടും തിരികെ വരാൻ ആവശ്യപ്പെട്ടപ്പോൾ, തനിക്ക് വരാൻ കഴിയില്ലെന്ന് ഇന്റേൺ മറുപടി നൽകി. ഇതോടെ ദേഷ്യപ്പെട്ട അധികൃതർ ഫോണിലൂടെ തന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
തങ്ങളുടെ കമ്പനി ലാഭത്തിനും കാര്യക്ഷമതയ്ക്കുമാണ് മുൻഗണന നൽകുന്നതെന്നും ജീവനക്കാരുടെ വ്യക്തിപരമായ സമയത്തിന് അവിടെ സ്ഥാനമില്ലെന്നും അധികൃതർ പറഞ്ഞതായി ഇന്റേൺ വെളിപ്പെടുത്തി. ഒരു ദിവസത്തേക്ക് വെറും 200 യുവാൻ (ഏകദേശം 2300 രൂപ) മാത്രം ശമ്പളം നൽകുന്ന സ്ഥാപനമാണ് ഇത്രയധികം സമ്മർദ്ദം ജീവനക്കാർക്ക് നൽകുന്നത്. മണിക്കൂറിന് 2.50 ഡോളറിൽ താഴെ മാത്രം വരുമാനമുള്ള ജോലിക്കായി ഇത്തരം കടുത്ത നിയമങ്ങൾ വെക്കുന്നത് ക്രൂരതയാണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നു കഴിഞ്ഞു.
Fired on day 1 for leaving at 6:30 PM. The audacity is unreal.
by
u/popo_fish in
recruitinghell
ഇന്റേണിന്റെ പോസ്റ്റ് വൈറലായതോടെ കമ്പനിയിലെ മറ്റൊരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തിപരമായി ക്ഷമാപണം നടത്തിയെങ്കിലും, ജോലിസ്ഥലങ്ങളിൽ ഇന്റേണുകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ഇന്റേണുകൾ പഠിക്കാനാണ് സ്ഥാപനങ്ങളിൽ എത്തുന്നതെന്നും അവരെ അടിമകളെപ്പോലെ കൈകാര്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. സമാനമായ രീതിയിൽ ഗുഡ്ഗാവിലെ ഒരു സ്റ്റാർട്ടപ്പിൽ ജോലി കിട്ടി 23 ദിവസത്തിനുള്ളിൽ പിരിച്ചുവിടപ്പെട്ട ഇന്റേണിന്റെ കഥയും ഇതിനൊപ്പം ചർച്ചയാകുന്നുണ്ട്.

