ന്യൂഡൽഹി: ഹുർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി യുദ്ധക്കപ്പലുകൾ വിന്യസിക്കണമെന്ന യു.എസ് നിർദ്ദേശത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കി (Strait of Hormuz security India US). ഈ വിഷയത്തിൽ അമേരിക്കയുമായി ഇതുവരെ ഉഭയകക്ഷി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കപ്പൽ ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്.
ഹുർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത യാത്ര ഉറപ്പാക്കാൻ ചൈന, ജപ്പാൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ യുദ്ധക്കപ്പലുകൾ അയക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ രാജ്യങ്ങളിൽ നിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായത്.
ഹുർമുസിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ ഇറാനുമായി ഇന്ത്യ നയതന്ത്ര ചർച്ചകൾ നടത്തിവരികയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. നിലവിൽ ഓരോ കപ്പലിനും പ്രത്യേകം അനുമതി വാങ്ങിയാണ് ഗതാഗതം സാധ്യമാക്കുന്നത്. ഇതിന് പകരമായി ഇറാന് ഇന്ത്യ ഒന്നും നൽകിയിട്ടില്ലെന്നും ദീർഘകാലമായുള്ള നയതന്ത്ര ബന്ധമാണ് ചർച്ചകൾ ഫലം കാണാൻ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്.
ഹുർമുസ് വഴിയുള്ള എണ്ണ വിതരണം പ്രതിസന്ധിയിലായതോടെ ഇന്ത്യയും ചൈനയും റഷ്യൻ എണ്ണ ഇറക്കുമതി വൻതോതിൽ വർധിപ്പിച്ചു. ഫെബ്രുവരിയെ അപേക്ഷിച്ച് ഇറക്കുമതിയിൽ 22 ശതമാനം വർധനവുണ്ടായി. നിലവിൽ പ്രതിദിനം 1.5 മില്യൺ ബാരൽ എണ്ണയാണ് ഇന്ത്യ റഷ്യയിൽ നിന്ന് വാങ്ങുന്നത്.
Story Summary:
The Ministry of External Affairs clarified that India has not held bilateral talks with the US regarding the deployment of warships in the Strait of Hormuz. Despite President Donald Trump’s call for international naval support, India is focusing on diplomatic discussions with Tehran to ensure the safe passage of Indian-flagged vessels. Foreign Minister S. Jaishankar emphasized that these talks are based on long-standing ties and no quid pro quo was involved. Amidst the Middle East crisis, India has significantly increased its Russian oil imports by 22%.

