യുഎസ്-ഇസ്രായേൽ സഖ്യം ഇറാന് നേരെ നടത്തുന്ന സൈനിക നടപടി തുടരുന്ന പശ്ചാത്തലത്തിൽ, ശക്തമായ മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതർ രംഗത്ത് (Houthi Warning Iran War). തങ്ങളുടെ സഖ്യകക്ഷിയായ ഇറാന് നേരെ മറ്റ് രാജ്യങ്ങൾ സൈനിക നീക്കത്തിന് മുതിർന്നാലോ, ഇറാന് നേരെ ആക്രമണം നടത്താൻ ചെങ്കടൽ ഉപയോഗപ്പെടുത്തിയാലോ നേരിട്ട് സൈനിക ഇടപെടൽ നടത്തുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. ഹൂതി സൈനിക വക്താവ് യഹിയ സാരീ വെള്ളിയാഴ്ച നടത്തിയ ടെലിവിഷൻ പ്രസംഗത്തിലാണ് ‘തങ്ങളുടെ വിരലുകൾ ട്രിഗറിലാണ്’ എന്ന മുന്നറിയിപ്പ് നൽകിയത്.
ഇറാന്റെ നേതൃത്വത്തിലുള്ള ‘പ്രതിരോധ അച്ചുതണ്ടിന്’ നേരെ തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് ഹൂതികൾ ആവശ്യപ്പെട്ടു. ചെങ്കടൽ വഴി ഇറാന് എതിരെയോ മറ്റ് മുസ്ലീം രാജ്യങ്ങൾക്ക് എതിരെയോ ഉള്ള ശത്രുതാപരമായ നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറബിക്കടലിലെയും ചെങ്കടലിലെയും പ്രധാന കപ്പൽ പാതകളിൽ ആക്രമണം നടത്താൻ ശേഷിയുള്ള ഹൂതികളുടെ ഈ നീക്കം മേഖലയിൽ ഒരു വലിയ പ്രാദേശിക യുദ്ധത്തിന് വഴിതെളിക്കുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.
നേരത്തെ ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം നടത്തിയിരുന്നു. എന്നാൽ പിന്നീട് അമേരിക്കയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാറിനെ തുടർന്ന് കഴിഞ്ഞ മെയ് മാസം മുതൽ ഇത്തരം ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ യെമന്‍ മേലുള്ള ഉപരോധം കർശനമാക്കുന്നതിനെതിരെയും ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാൻ, ഫലസ്തീൻ, ലെബനൻ, ഇറാഖ് എന്നിവിടങ്ങളിലെ ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും ഹൂതി വക്താവ് ആവശ്യപ്പെട്ടു.
Summary: Yemen’s Houthi rebels have issued a stark warning, stating their “fingers are on the trigger” for direct military intervention if any new alliances join the US and Israel against Iran. Military spokesperson Yahya Saree declared that the group would not allow the Red Sea to be used for hostile operations against Iran or any Muslim country. This warning raises the risk of a wider regional conflict, given the Houthis’ strategic ability to disrupt vital shipping lanes and strike distant targets.

