വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കത്തിൽ നാറ്റോ സഖ്യകക്ഷികൾ സഹകരിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒരു സ്വകാര്യ ഉച്ചഭക്ഷണ വിരുന്നിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും അദ്ദേഹത്തിന്റെ പത്നിയെയും ട്രംപ് പരിഹസിച്ചു. വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഒരു വീഡിയോയിലാണ് ട്രംപിന്റെ വിവാദ പരാമർശങ്ങളുള്ളത്.(He Is Still Recovering, Trump mocks French President)
എനിക്ക് അവരുടെ സഹായം ആവശ്യമില്ലായിരുന്നു, എങ്കിലും ഞാൻ അവരോട് ചോദിച്ചു, എന്ന് ഇറാനുമായുള്ള യുദ്ധത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെയും പത്നി ബ്രിജിത്ത് മാക്രോണിനെയും ട്രംപ് വ്യക്തിപരമായി അധിക്ഷേപിച്ചു. “മാക്രോണിന്റെ പത്നി അദ്ദേഹത്തോട് വളരെ മോശമായാണ് പെരുമാറുന്നത്. താടിക്ക് കിട്ടിയ ഇടിയിൽ നിന്ന് അദ്ദേഹം ഇപ്പോഴും മുക്തനായിട്ടില്ല,” എന്ന് ട്രംപ് പരിഹസിച്ചു.
2025 മെയ് മാസത്തിൽ വിയറ്റ്നാം സന്ദർശനത്തിനിടെ ബ്രിജിത്ത് മാക്രോൺ പ്രസിഡന്റിനെ തള്ളുന്നതായി കാണപ്പെട്ട ഒരു വീഡിയോയെ സൂചിപ്പിച്ചായിരുന്നു ഇത്. എന്നാൽ ഇത് വ്യാജപ്രചരണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൾഫ് മേഖലയിൽ കപ്പലുകൾ അയച്ച് സഹായിക്കാൻ ആവശ്യപ്പെട്ടപ്പോൾ, “യുദ്ധം ജയിച്ചതിന് ശേഷം സഹായിക്കാം” എന്നാണ് മാക്രോൺ മറുപടി നൽകിയതെന്ന് ഫ്രഞ്ച് ചുവയോടെ ട്രംപ് പരിഹസിച്ചു. “യുദ്ധം കഴിഞ്ഞിട്ട് എനിക്ക് നിന്റെ സഹായം ആവശ്യമില്ല ഇമ്മാനുവൽ” എന്ന് താൻ മറുപടി നൽകിയതായും ട്രംപ് അവകാശപ്പെട്ടു.
നാറ്റോ സഖ്യത്തെ ഒരു “കടലാസ് കടുവ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഒരു വലിയ യുദ്ധം ഉണ്ടായാൽ നാറ്റോ സഹായത്തിനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം വീണ്ടും അധികാരത്തിൽ എത്തിയത് മുതൽ നാറ്റോ സഖ്യത്തിനെതിരെ ട്രംപ് സ്വീകരിച്ചുപോരുന്ന കടുത്ത നിലപാടിന്റെ തുടർച്ചയാണിത്. അതേസമയം, ഇറാനുമായുള്ള യുദ്ധം അവസാനിച്ചുകഴിഞ്ഞാൽ നാറ്റോയുമായുള്ള ബന്ധം അമേരിക്ക പുനഃപരിശോധിക്കേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു. ഇത് ട്രാൻസ്-അറ്റ്‌ലാന്റിക് സഖ്യത്തിൽ വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.

