വാഷിംഗ്ടൺ: അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ ഇരകളായ അതിജീവിതർ അമേരിക്കൻ സർക്കാരിനും ഗൂഗിളിനുമെതിരെ നിയമനടപടി ആരംഭിച്ചു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഔദ്യോഗിക രേഖകളിൽ ഇരകളുടെ പേരുവിവരങ്ങൾ മറയ്ക്കാതെ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് ഈ നീക്കം (Epstein Survivors Sue Google US Government). ഏകദേശം നൂറോളം അതിജീവിതരുടെ സ്വകാര്യ വിവരങ്ങളാണ് ഇത്തരത്തിൽ ലോകത്തിന് മുന്നിൽ വെളിപ്പെട്ടത്.
ജനുവരിയിൽ എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായ മൂന്ന് ദശലക്ഷത്തിലധികം ഫയലുകൾ സർക്കാർ ഓൺലൈനിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ എപ്സ്റ്റീന് പ്രമുഖരുമായുള്ള ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ, രഹസ്യമായി സൂക്ഷിക്കേണ്ട ഇരകളുടെ പേരുകൾ അശ്രദ്ധമായി പ്രസിദ്ധീകരിച്ചത് വലിയ വിവാദമായി. സർക്കാർ പിന്നീട് ഈ വിവരങ്ങൾ പിൻവലിച്ചെങ്കിലും, ഗൂഗിൾ പോലുള്ള സെർച്ച് എഞ്ചിനുകൾ ഈ വിവരങ്ങൾ ഇപ്പോഴും തങ്ങളുടെ സെർച്ച് റിസൾട്ടുകളിലും AI ഉള്ളടക്കങ്ങളിലും പ്രദർശിപ്പിക്കുന്നുവെന്നാണ് അതിജീവിതരുടെ പരാതി.
വിവരങ്ങൾ പുറത്തായതോടെ അതിജീവിതർ വലിയ സുരക്ഷാ ഭീഷണിയും മാനസിക സമ്മർദ്ദവുമാണ് നേരിടുന്നത്. അജ്ഞാതരായ ആളുകൾ ഇവരെ ഫോണിലൂടെയും ഇമെയിലിലൂടെയും ഭീഷണിപ്പെടുത്തുന്നതായും, എപ്സ്റ്റീന്റെ ഇരകളായ ഇവരെ കൂട്ടുപ്രതികളായി ചിത്രീകരിക്കുന്നതായും പരാതിയിൽ പറയുന്നു. 1974-ലെ പ്രൈവസി ആക്ട് സർക്കാർ ലംഘിച്ചുവെന്നും, ഗൂഗിൾ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നടത്തിയെന്നുമാണ് വാദികൾ കോടതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ന്യൂയോർക്ക് ടൈംസ് നടത്തിയ പരിശോധനയിൽ രേഖകൾക്കിടയിൽ ഇരകളുടെ നഗ്നചിത്രങ്ങളും ഉൾപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു.
Summary: Survivors of sex offender Jeffrey Epstein have sued the US government and Google after the Department of Justice mistakenly published their identities in a massive document release. The lawsuit alleges that around 100 survivors were outed, leading to threats and renewed trauma. While the government withdrew the files, plaintiffs claim Google continues to display the private information in search results and AI-generated content, violating privacy laws.

