ലണ്ടൻ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള വഴിവിട്ട ബന്ധങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസണെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുപദവി ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിനാണ് ലണ്ടനിലെ കാംഡെനിലുള്ള വസതിയിൽ നിന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.(Epstein Files, Former British Ambassador to the US Peter Mandelson Arrested)
എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നടക്കുന്ന രണ്ടാമത്തെ പ്രമുഖ അറസ്റ്റാണിത്. കഴിഞ്ഞ ആഴ്ച ആൻഡ്രൂ രാജകുമാരനെയും സമാനമായ ആരോപണങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ മണ്ടേൽസണിന്റെ കാംഡെനിലെയും വിൽറ്റ്‌ഷെയറിലെയും വസതികളിൽ പൊലീസ് വിശദമായ പരിശോധന നടത്തി.
ജനുവരിയിൽ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട ഇമെയിലുകളാണ് മണ്ടേൽസണിന് തിരിച്ചടിയായത്. എപ്‌സ്റ്റീനും മണ്ടേൽസണും തമ്മിൽ അതീവ രഹസ്യമായ ബന്ധമുണ്ടായിരുന്നുവെന്ന് ഈ രേഖകൾ വ്യക്തമാക്കുന്നു. 2009-ൽ ഗോർഡൻ ബ്രൗൺ സർക്കാരിൽ മന്ത്രിയായിരിക്കെ, ഔദ്യോഗിക പദവി ഉപയോഗിച്ച് എപ്‌സ്റ്റീന് ചില നിർണ്ണായക വിവരങ്ങൾ കൈമാറിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ കരുത്തനും മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ‘ന്യൂ ലേബർ’ പദ്ധതിയുടെ മുഖ്യ ശില്പികളിൽ ഒരാളുമാണ് പീറ്റർ മണ്ടേൽസൺ. 2024-ൽ കിയർ സ്റ്റാർമർ സർക്കാരാണ് ഇദ്ദേഹത്തെ യുഎസ് അംബാസഡറായി നിയമിച്ചത്. എപ്‌സ്റ്റീൻ ബന്ധം വിവാദമായതോടെ 2025 സെപ്റ്റംബറിൽ അംബാസഡർ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ നീക്കിയിരുന്നു. ഇതിനു മുൻപും രണ്ട് തവണ അഴിമതി ആരോപണങ്ങളെത്തുടർന്ന് ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നിട്ടുണ്ട്. പൊതുപദവി ദുരുപയോഗം ചെയ്ത കുറ്റം തെളിയിക്കപ്പെട്ടാൽ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗുരുതരമായ വകുപ്പുകളാണ് മണ്ടേൽസണെതിരെ ചുമത്തിയിരിക്കുന്നത്.

