ദോഹ: മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള വിദേശികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തുള്ള എല്ലാ എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കൂടാതെ, വിമാന സർവീസുകൾ മുടങ്ങിയത് മൂലം മടങ്ങാൻ കഴിയാതെ ഹോട്ടലുകളിൽ തുടരുന്ന സന്ദർശകരുടെ ചെലവ് ഖത്തർ ടൂറിസം നേരിട്ട് വഹിക്കും.(Entry visa validity in Qatar extended by one month)
വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെത്തുടർന്ന് യാത്ര ചെയ്യാൻ കഴിയാതെ ഖത്തറിൽ തുടരുന്നവർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം വലിയ ആശ്വാസമാകും. 2026 ഫെബ്രുവരി 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വിസ കാലാവധി ഒരു മാസത്തേക്ക് നീട്ടിയത്.
വിദേശികൾ മന്ത്രാലയത്തിന്റെ ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല. വിസ കാലാവധി ഇലക്ട്രോണിക് സംവിധാനത്തിലൂടെ സ്വയമേവ പുതുക്കപ്പെടും. ഈ സേവനം പൂർണ്ണമായും സൗജന്യമാണ്. ഫെബ്രുവരി 28-ന് മുൻപ് വിസ കാലാവധി കഴിഞ്ഞ് നിയമലംഘനം നടത്തിയവർ പിഴ ഒടുക്കിയാൽ മാത്രമേ ഈ ഇളവിന് അർഹരാവുകയുള്ളൂ.
വ്യോമഗതാഗത തടസ്സം മൂലം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ കുടുങ്ങിയ വിനോദസഞ്ചാരികൾക്കായി ഖത്തർ ടൂറിസം ആശ്വാസകരമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഹോട്ടൽ ബുക്കിംഗ് കാലാവധി കഴിഞ്ഞിട്ടും യാത്ര ചെയ്യാൻ കഴിയാത്തവരുടെ അധികമായി വരുന്ന താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് ഖത്തർ ടൂറിസം നേരിട്ട് വഹിക്കും. ഇതുസംബന്ധിച്ച നിർദ്ദേശം രാജ്യത്തെ എല്ലാ ഹോട്ടൽ മാനേജർമാർക്കും നൽകി. അതിഥികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.

