ബീജിംഗ്: അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ ഇറാൻ സംഘർഷങ്ങളിലും മിസൈൽ ആക്രമണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ആഗോള ശക്തി സന്തുലിതാവസ്ഥയെത്തന്നെ മാറ്റിമറിക്കാൻ പോകുന്ന നിശബ്ദമായൊരു ‘യുദ്ധതന്ത്രം’ ചൈന പുരത്തെടുക്കുകയാണ് ( China 15th Five-Year Plan F-35 Jets). ചൈനയുടെ 15-ാമത് പഞ്ചവത്സര പദ്ധതി ആണ് ഇപ്പോൾ പ്രതിരോധ വിദഗ്ധർക്കിടയിൽ ചർച്ചയാകുന്നത്. ഒരു വെടിയുണ്ട പോലും ഉതിർക്കാതെ അമേരിക്കയുടെ ഏറ്റവും ആധുനികമായ F-35 യുദ്ധവിമാനങ്ങളെപ്പോലും നിർവീര്യമാക്കാൻ ശേഷിയുള്ള സാമ്പത്തിക-സാങ്കേതിക നീക്കങ്ങളാണ് ഈ 141 പേജുള്ള രേഖയിലുള്ളത്.
അമേരിക്കൻ യുദ്ധവിമാനങ്ങളുടെയും മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെയും നിർമ്മാണത്തിന് അത്യാവശ്യമായ ‘അപൂർവ്വ ലോഹങ്ങളുടെ’ ആഗോള വിതരണ ശൃംഖലയിൽ ചൈനയ്ക്കുള്ള ആധിപത്യമാണ് അവരുടെ പ്രധാന ആയുധം. ഒരു എഫ്-35 വിമാനത്തിന്റെ എൻജിനും സെൻസറുകളും നിർമ്മിക്കാൻ നൂറുകണക്കിന് കിലോ അപൂർവ്വ ലോഹങ്ങൾ ആവശ്യമാണ്. നിലവിൽ ലോകത്തിലെ ഇത്തരം ലോഹങ്ങളുടെ സംസ്കരണത്തിൽ ഭൂരിഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഈ ലോഹങ്ങളുടെ കയറ്റുമതിയിൽ ചൈന പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അമേരിക്കയുടെ ആയുധ നിർമ്മാണത്തെ നേരിട്ട് ബാധിക്കും.
അടുത്ത പത്തു വർഷത്തിനുള്ളിൽ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും നിർമ്മിത ബുദ്ധി ഉൾപ്പെടുത്താനാണ് ചൈനയുടെ നീക്കം. ഇതിലൂടെ 10 ട്രില്യൺ യുവാൻ മൂല്യമുള്ള വ്യവസായമാണ് അവർ ലക്ഷ്യമിടുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഉത്പാദനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കാനും പദ്ധതിയുണ്ട്. ക്വാണ്ടം കമ്മ്യൂണിക്കേഷൻ, ന്യൂക്ലിയർ ഫ്യൂഷൻ ഗവേഷണം, ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിൽ ആധിപത്യം ഉറപ്പിക്കാനും ചൈനീസ് ഭരണകൂടം ലക്ഷ്യമിടുന്നു.
അമേരിക്ക ഇറാനുമായുള്ള യുദ്ധത്തിനായി തങ്ങളുടെ മിസൈലുകളും പ്രതിരോധ സാമഗ്രികളും ചിലവഴിക്കുമ്പോൾ, ആ മിസൈലുകൾ നിർമ്മിക്കാനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിതരണ ശൃംഖല ചൈന കൂടുതൽ കർശനമാക്കുകയാണ്. അമേരിക്കയുടെ ‘ചിപ്‌സ് ആക്ട്’ സെമികണ്ടക്ടറുകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ചൈനയുടെ പദ്ധതി ആയുധപ്പുര പോലെ സമഗ്രമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഫാക്ടറികളിലും വിതരണ ശൃംഖലകളിലുമുള്ള ഈ ആധിപത്യം ഭാവിയിൽ ലോകശക്തിയാരാണെന്ന് തീരുമാനിക്കുന്നതിൽ നിർണ്ണായകമാകും.
Summary: China’s newly unveiled 15th Five-Year Plan outlines a strategic shift to dominate global supply chains, potentially crippling U.S. military assets like F-35 jets without military combat. By tightening control over rare-earth minerals essential for advanced weaponry and investing heavily in AI and robotics, Beijing aims to secure long-term geopolitical dominance.

