ലണ്ടൻ: ലണ്ടനിലെ യഹൂദ സമൂഹത്തെയും പ്രമുഖ വ്യക്തികളെയും നിരീക്ഷിച്ചുവെന്നാരോപിച്ച് നാല് പേരെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു (British Police Arrest Iranian Spies). ഇറാൻ രഹസ്യാന്വേഷണ വിഭാഗത്തിന് വേണ്ടി ചാരപ്പണി നടത്തി എന്ന സംശയത്തിലാണ് ഒരു ഇറാൻ സ്വദേശിയെയും മൂന്ന് ബ്രിട്ടീഷ്-ഇറാൻ ഇരട്ട പൗരത്വമുള്ളവരെയുമാണ് പിടികൂടിയത്. വടക്കൻ ലണ്ടനിലെ ഹാരോ, വാറ്റ്‌ഫോർഡ്, ബാർനെറ്റ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. 22, 40, 52, 55 എന്നിങ്ങനെ പ്രായമുള്ളവരാണ് പിടിയിലായവരെന്ന് മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. കൗണ്ടർ ടെററിസം വിഭാഗം ഏറെ നാളായി നടത്തിവന്ന അന്വേഷണത്തിനൊടുവിലാണ് ഈ അറസ്റ്റ്.
പശ്ചിമേഷ്യയിൽ അമേരിക്ക-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഈ അറസ്റ്റിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ ദിവസം ലണ്ടനിൽ ചൈനയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയ മൂന്ന് പേരെയും പോലീസ് പിടികൂടിയിരുന്നു. യഹൂദ സമൂഹത്തിന് നേരെ ഉണ്ടായേക്കാവുന്ന ഭീഷണികൾ തടയാൻ കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ലണ്ടൻ കൗണ്ടർ ടെററിസം വിഭാഗം മേധാവി ഹെലൻ ഫ്ലാനഗൻ വ്യക്തമാക്കി.
Summary: London’s Metropolitan Police arrested four men—one Iranian and three dual British-Iranian nationals—on suspicion of spying for Iran’s intelligence service.

