ധാക്ക:വർഷങ്ങൾ നീണ്ടുനിന്ന ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) സഖ്യത്തിന് ഉജ്ജ്വല വിജയം. 300 അംഗ പാർലമെന്റിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി സഖ്യം അധികാരം പിടിച്ചെടുത്തത്. ഇതോടെ, മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും.(BNP ends Sheikh Hasina era in Bangladesh, Tarique Rahman takes power in Bangladesh Elections 2026)
ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെട്ടിരുന്ന ബിഎൻപിക്ക് ഈ വിജയം വലിയൊരു തിരിച്ചുവരവാണ്. വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്ന് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നതും തുടർന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതുമാണ് രാജ്യത്ത് ജനാധിപത്യപരമായ തിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.
ബംഗ്ലാദേശിലെ പുതിയ തലമുറ മാറ്റത്തിനായി ആഗ്രഹിച്ചു എന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ് ഫലം. ആകെ 12.7 കോടി വോട്ടർമാരിൽ 44 ശതമാനവും 18-നും 37-നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ഹസീനയുടെ ഭരണകാലത്ത് സ്വതന്ത്രമായി വോട്ട് ചെയ്യാൻ കഴിയാതിരുന്ന വലിയൊരു വിഭാഗം യുവാക്കൾ ഇത്തവണ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പിനൊപ്പം തന്നെ രാജ്യം സുപ്രധാനമായ മറ്റൊരു ഘട്ടത്തിനും സാക്ഷ്യം വഹിച്ചു. ഭരണഘടനാ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്ന ‘ജൂലൈ ചാർട്ടർ’ നടപ്പാക്കണോ എന്ന കാര്യത്തിൽ വോട്ടർമാർക്കിടയിൽ ഹിതപരിശോധനയും നടത്തി.



