ധാക്ക: ബംഗ്ലാദേശ് ഇടക്കാല സർക്കാർ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റേത് നിയമവിരുദ്ധമായ നടപടികളാണെന്ന് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ. തന്നെ പ്രസിഡന്റ് പദവിയിൽ നിന്ന് നീക്കം ചെയ്യാൻ യൂനുസ് ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഭരണഘടനാ പദവിയിൽ തുടരുന്ന അവസാനത്തെ വ്യക്തിയാണ് ഷഹാബുദ്ദീൻ.(Bangladesh President makes serious revelations against Muhammad Yunus)
മുഖ്യ ഉപദേഷ്ടാവ് എന്ന നിലയിൽ 15-ഓളം തവണ യൂനുസ് വിദേശയാത്രകൾ നടത്തിയെങ്കിലും ഒന്നിനെക്കുറിച്ചും രാജ്യത്തലവനായ തന്നോട് ഔദ്യോഗികമായി അറിയിച്ചില്ല. ഇത് ഗുരുതരമായ ഭരണഘടനാ ലംഘനമാണ്. അമേരിക്കയുമായി ഒപ്പിട്ട സുപ്രധാന വ്യാപാര കരാറിനെക്കുറിച്ച് തന്നെ പൂർണ്ണമായും ഇരുട്ടിൽ നിർത്തി. കീഴ്‌വഴക്കങ്ങൾ ലംഘിച്ചാണ് ഇത്തരം നീക്കങ്ങൾ നടന്നത്. തന്റെ കൊസോവോ, ഖത്തർ യാത്രകൾ യൂനുസ് ഭരണകൂടം തടസ്സപ്പെടുത്തി. ജനങ്ങൾക്കിടയിൽ തന്റെ പേരും സ്വാധീനവും ഇല്ലാതാക്കാനാണ് ഇത്തരം നീക്കങ്ങൾ നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2024 ഒക്ടോബർ 22-ന് തന്റെ ഔദ്യോഗിക വസതിയായ ‘ബംഗാഭവൻ’ പ്രതിഷേധക്കാർ വളഞ്ഞത് തന്നെ പുറത്താക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സൈനിക മേധാവികളുടെയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെയും പിന്തുണ തനിക്ക് ലഭിച്ചതായി പ്രസിഡന്റ് വ്യക്തമാക്കി. ഭരണഘടനാപരമായ തുടർച്ച നിലനിർത്താനാണ് ബി.എൻ.പി ആഗ്രഹിക്കുന്നത്. സൈന്യത്തിന്റെയും താരിഖ് റഹ്‌മാന്റെയും പിന്തുണയുള്ളതിനാൽ 2028 ഏപ്രിൽ വരെ ഷഹാബുദ്ദീൻ പദവിയിൽ തുടർന്നേക്കും.

