സിഡ്‌നി: പശ്ചിമേഷ്യയിൽ ഇസ്രായേൽ-ഇറാൻ യുദ്ധം അതിരൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ഓസ്‌ട്രേലിയ. പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള ‘കോണ്ടിൻജൻസി പ്ലാനിന്റെ’ ഭാഗമായി ഓസ്‌ട്രേലിയൻ സൈനിക ആസ്തികൾ മേഖലയിലേക്ക് വിന്യസിച്ചതായി പ്രധാനമന്ത്രി ആന്തണി അൽബാനിസ് അറിയിച്ചു (Australia Military Deployment Middle East). വ്യാഴാഴ്ച പാർലമെന്റിനെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ വൻ സംഘർഷമാണ് നിലനിൽക്കുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാരെ എത്രയും വേഗം ഒഴിപ്പിക്കാനാണ് ഓസ്‌ട്രേലിയയുടെ ശ്രമം. ഏകദേശം 1,15,000-ഓളം ഓസ്‌ട്രേലിയൻ പൗരന്മാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
സൈനിക ആസ്തികളുടെ കൂടുതൽ വിവരങ്ങൾ പ്രധാനമന്ത്രി വെളിപ്പെടുത്തിയില്ലെങ്കിലും, സൈനിക വിമാനങ്ങളാണ് വിന്യസിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആറ് പ്രത്യേക ക്രൈസിസ് റെസ്‌പോൺസ് ടീമുകളെയും മേഖലയിലേക്ക് അയച്ചിട്ടുണ്ട്. ന്യൂസിലൻഡും തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനായി രണ്ട് സൈനിക വിമാനങ്ങൾ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. യുദ്ധം കാരണം പല രാജ്യങ്ങളിലെയും വ്യോമപാതകൾ അടച്ചിട്ടിരിക്കുന്നത് ഒഴിപ്പിക്കൽ നടപടികൾക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
Summary: Australian Prime Minister Anthony Albanese has confirmed the deployment of military assets to the Middle East as part of a contingency plan to evacuate Australian citizens.

