അരനൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യന്റെ ആദ്യ ചന്ദ്രയാത്ര വിജയകരമായി പൂർത്തിയാക്കി നാല് ആർട്ടെമിസ് II ബഹിരാകാശ സഞ്ചാരികൾ ഇന്ന് ഭൂമിയിലേക്ക് തിരിച്ചെത്തും (Artemis II Splashdown April). പത്ത് ദിവസത്തെ ഐതിഹാസിക യാത്രയ്ക്ക് ശേഷം ഓറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സാൻ ഡീഗോ തീരത്താണ് വന്നിറങ്ങുക. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30-ഓടെയാണ് (ET രാത്രി 8 മണി) ഈ ചരിത്ര നിമിഷം സംഭവിക്കുക.
ഏപ്രിൽ 1-ന് ഫ്ലോറിഡയിൽ നിന്ന് കുതിച്ചുയർന്ന പേടകം ചന്ദ്രന്റെ വിദൂര വശത്തിലൂടെ സഞ്ചരിച്ച് മനുഷ്യർ ഇതുവരെ എത്തിയിട്ടില്ലാത്തത്ര ദൂരത്തിൽ (ഭൂമിയിൽ നിന്ന് 252,756 മൈൽ) ബഹിരാകാശത്ത് സഞ്ചരിച്ച് റെക്കോർഡ് ഇട്ടു. റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ സംഘത്തിലുള്ളത്. ഇതിൽ വിക്ടർ ഗ്ലോവർ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ചാന്ദ്ര സഞ്ചാരിയായും ക്രിസ്റ്റീന കോച്ച് ആദ്യ വനിതാ ചാന്ദ്ര സഞ്ചാരിയായും ചരിത്രം കുറിച്ചു.ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മണിക്കൂറിൽ 25,000 മൈൽ വേഗതയിൽ പ്രവേശിക്കുമ്പോൾ ഓറിയോൺ പേടകത്തിന്റെ താപകവചം കടുത്ത പരീക്ഷണത്തെ നേരിടും. 2,760 ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് ഈ സമയത്ത് പേടകത്തിന് പുറത്ത് അനുഭവപ്പെടുക. 2022-ലെ പരീക്ഷണ പറക്കലിൽ താപകവചത്തിന് ചില തകരാറുകൾ കണ്ടതിനാൽ ഇത്തവണ ഇറങ്ങുന്ന പാതയിൽ ശാസ്ത്രജ്ഞർ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം പാരഷൂട്ടുകൾ വിടർത്തിയാണ് പേടകം കടലിൽ പതിക്കുക. ഇറങ്ങുന്നതിന് മുൻപുള്ള ആറ് മിനിറ്റ് സമയം പേടകവുമായുള്ള റേഡിയോ ബന്ധം പൂർണ്ണമായും നിലയ്ക്കും. കടലിൽ വീണ ശേഷം ഒരു മണിക്കൂറിനുള്ളിൽ നാസയുടെ സംഘം സഞ്ചാരികളെ പേടകത്തിന് പുറത്തെത്തിക്കും.
ഭാവിയിൽ മനുഷ്യനെ ചന്ദ്രനിൽ സ്ഥിരമായി താമസിപ്പിക്കുന്നതിനും അവിടെ നിന്ന് ചൊവ്വയിലേക്ക് യാത്രകൾ നടത്തുന്നതിനുമുള്ള നാസയുടെ വലിയ ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടുവെപ്പാണ് ഈ ദൗത്യം. ആർട്ടെമിസ് II വിജയകരമാകുന്നതോടെ 2026-ന് ശേഷം മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള ആർട്ടെമിസ് III ദൗത്യത്തിന് വഴിയൊരുങ്ങും.
Summary: The four Artemis II astronauts are hurtling back to Earth after a historic 10-day mission, the first crewed voyage to the moon in over 50 years. Their Orion spacecraft is scheduled to splash down in the Pacific Ocean off San Diego at 8 p.m. ET today. The mission reached a record distance of 252,756 miles from Earth. This return poses a critical test for the spacecraft’s heat shield as it enters the atmosphere at 25,000 mph. The crew includes Reid Wiseman, Victor Glover, Christina Koch, and Jeremy Hansen.

