ഫ്ലോറിഡ: അമ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ പരിസരത്തെത്തിക്കുന്ന നാസയുടെ ചരിത്രപരമായ ‘ആർട്ടെമിസ് 2’ ദൗത്യം വൈകും (Artemis 2 Launch Delay). അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ കടുത്ത അതിശൈത്യത്തെത്തുടർന്നാണ് വിക്ഷേപണം കുറഞ്ഞത് രണ്ട് ദിവസമെങ്കിലും വൈകുമെന്ന് നാസ അറിയിച്ചത്. പുതിയ തീരുമാനപ്രകാരം ഫെബ്രുവരി എട്ടിന് മുൻപ് വിക്ഷേപണം നടക്കില്ല. വിക്ഷേപണത്തിന് മുന്നോടിയായി നടക്കേണ്ട എസ്എൽഎസ് (SLS) റോക്കറ്റിന്റെ നിർണ്ണായകമായ ഇന്ധന പരിശോധനകൾ പ്രതികൂല കാലാവസ്ഥ കാരണം തടസ്സപ്പെട്ടതാണ് വിക്ഷേപണം നീളാൻ കാരണമായത്. തിങ്കളാഴ്ച കാലാവസ്ഥ അനുകൂലമായാൽ ദൗത്യത്തിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സൽ നടത്താനാണ് നിലവിലെ തീരുമാനം.
കമാൻഡർ റീഡ് വൈസ്‌മാൻ, ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ് ഈ ദൗത്യത്തിൽ ചന്ദ്രനിലേക്ക് പറക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന യാത്രയിൽ ഇവർ ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങിയെത്തും. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം മനുഷ്യൻ ആദ്യമായാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് യാത്ര തിരിക്കുന്നത്. ഈ ദൗത്യം വിജയകരമായാൽ 2027-ലോ 2028-ലോ നടക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലൂടെ മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാലുകുത്തും. നിലവിൽ ഹൂസ്റ്റണിൽ ക്വാറന്റൈനിൽ കഴിയുന്ന യാത്രികർ കാലാവസ്ഥ മെച്ചപ്പെടുന്നതോടെ വിക്ഷേപണ കേന്ദ്രമായ കെന്നഡി സ്പേസ് സെന്ററിലെത്തും.
Summary
NASA’s Artemis 2 mission, which aims to send humans back to the moon’s orbit for the first time in 50 years, has been delayed until at least February 8 due to extreme cold in Florida. The mission, featuring a crew of four including commander Reid Wiseman, will perform a 10-day loop around the moon as a precursor to future lunar landings.

