ഹവാന: കടുത്ത ഭക്ഷ്യക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനുമെതിരെ ക്യൂബയിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം അക്രമാസക്തമാകുന്നു. മധ്യ ക്യൂബയിലെ മൊറോൺ നഗരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചതായി സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Anti-government protests intensify in Cuba)
വെള്ളിയാഴ്ച രാത്രി മൊറോണിൽ സമാധാനപരമായി ആരംഭിച്ച പ്രതിഷേധ റാലി ശനിയാഴ്ച പുലർച്ചെയോടെയാണ് അക്രമാസക്തമായത്. പ്രതിഷേധക്കാർ പാർട്ടി ഓഫീസിന് നേരെ കല്ലെറിയുകയും ഓഫീസിലെ ഫർണിച്ചറുകൾ റോഡിലിട്ട് തീയിടുകയും ചെയ്തു. നഗരത്തിലെ ഫാർമസികൾക്കും സർക്കാർ മാർക്കറ്റുകൾക്കും നേരെയും ആക്രമണമുണ്ടായി.
പാർട്ടി ഓഫീസിന് നേരെയുള്ള ആക്രമണം പ്രസിഡന്റ് മിഗുവൽ ഡയസ് കാനൽ സ്ഥിരീകരിച്ചു. ദീർഘനേരത്തെ വൈദ്യുതി തടസ്സത്തിലുള്ള ജനങ്ങളുടെ രോഷം മനസ്സിലാക്കാവുന്നതാണെന്നും എന്നാൽ അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

