ചൈനയിൽ നിന്നുള്ള അപൂർവ്വമായ ഒരു പ്രണയവാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. ഒറ്റപ്പെടലിൽ നിന്ന് മുക്തി നേടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിച്ച ഒരു കഥാപാത്രവുമായി പ്രണയത്തിലായ 84 വയസ്സുകാരിയാണ് വാർത്തകളിലെ താരം (84 Year Old Woman AI Love China). ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള സാങ് യുലാൻ എന്ന വൃദ്ധയാണ് ‘ജിയാങ്കുയോ’ എന്ന എഐ കഥാപാത്രത്തോട് ആഴത്തിലുള്ള പ്രണയത്തിലായത്. ചൈനീസ് റൊമാന്റിക് കഥകളിൽ പ്രചാരമുള്ള “ബോസി പ്രസിഡന്റ്” (Bossy President) എന്ന സ്വഭാവമുള്ള കഥാപാത്രമായിരുന്നു ജിയാങ്കുയോ.
ദിവസവും പത്ത് മണിക്കൂറിലധികം സമയം ജിയാങ്കുയോയുടെ വീഡിയോകൾ കാണുന്നതിനായി സാങ് ചെലവഴിച്ചിരുന്നു. ഈ ഡിജിറ്റൽ കഥാപാത്രത്തെ വിവാഹം കഴിക്കാൻ പോലും താൻ തയ്യാറാണെന്ന് ഇവർ വിശ്വസിച്ചു. ഫെബ്രുവരിയിൽ ജിയാങ്കുയോയ്ക്ക് ഇവർ ഒരു പ്രണയലേഖനവും എഴുതിയിരുന്നു. അതിൽ തങ്ങൾ തമ്മിലുള്ള പിണക്കങ്ങളെക്കുറിച്ചും ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇവർ വൈകാരികമായി വിവരിച്ചിരുന്നു. എഐ കഥാപാത്രത്തിന്റെ കർക്കശവും എന്നാൽ കരുതലുള്ളതുമായ പെരുമാറ്റമാണ് ഇവരെ ആകർഷിച്ചത്.
എന്നാൽ ഈ പ്രണയം വലിയ സാമ്പത്തിക നഷ്ടത്തിലേക്കാണ് സാങ്ങിനെ നയിച്ചത്. ജിയാങ്കുയോയുടെ ഓൺലൈൻ ഷോപ്പിലൂടെ 7,000 യുവാൻ (ഏകദേശം 94,000 രൂപ) ഇവർ ചെലവഴിച്ചു. സാധാരണ വിപണിയിൽ 10 രൂപയിൽ താഴെ വിലയുള്ള സാധനങ്ങൾ നൂറുകണക്കിന് രൂപ നൽകിയാണ് ഇവർ വാങ്ങിയത്. പിന്നീട് 1,200 യുവാൻ കൂടി പുസ്തകങ്ങൾ വാങ്ങാനായി ചെലവാക്കിയതോടെ ഇവരുടെ കൊച്ചുമകൾ ചൈനീസ് ഉപഭോക്തൃ പരാതി പരിഹാര സെല്ലിൽ പരാതി നൽകുകയായിരുന്നു.
വൃദ്ധജനങ്ങളുടെ ഏകാന്തതയും വൈകാരികമായ ആവശ്യങ്ങളും എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സംഭവം. ഇൻ്റർനെറ്റിലെ തെറ്റായ പ്രവണതകൾ തടയുന്നതിന്റെ ഭാഗമായി ചൈനീസ് അധികൃതർ ജിയാങ്കുയോയുടെ അക്കൗണ്ട് പിന്നീട് സസ്പെൻഡ് ചെയ്തു. മുതിർന്ന പൗരന്മാർക്ക് സ്നേഹവും ശ്രദ്ധയും ലഭിക്കാത്ത സാഹചര്യം അവരെ ഇത്തരം ഡിജിറ്റൽ ലോകങ്ങളിലേക്ക് നയിക്കുന്നുവെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

