ബെയ്ജിംഗ്: ജപ്പാനിൽ ജനിച്ച സിയാവോ സിയാവോ (Xiao Xiao), ലെയ് ലെയ് (Lei Lei) എന്നീ രണ്ട് ജയന്റ് പാണ്ടകൾ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെത്തി (Japan China Panda Diplomacy). ഇതോടെ 1972-ന് ശേഷം ആദ്യമായി ജപ്പാനിൽ പാണ്ടകളില്ലാത്ത അവസ്ഥയായി. ബുധനാഴ്ച പുലർച്ചെ സിചുവാൻ എയർലൈൻസ് വിമാനത്തിൽ ചെങ്ഡു വിമാനത്താവളത്തിലെത്തിയ പാണ്ടകളെ യാൻ നഗരത്തിലെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. 2021-ൽ ടോക്കിയോയിലെ യുനോ മൃഗശാലയിൽ ജനിച്ച ഇവരുടെ മാതാപിതാക്കളായ ഷിൻ ഷിന്നും റി റിളും 2024-ൽ ചൈനയിലേക്ക് മടങ്ങിയിരുന്നു. ടോക്കിയോയിൽ വൻ ആരാധകവൃന്ദമുണ്ടായിരുന്ന പാണ്ടകൾക്ക് വളരെ വൈകാരികമായ യാത്രയയപ്പാണ് ജപ്പാനിലെ ജനങ്ങൾ നൽകിയത്.
ചൈനയുമായുള്ള ജപ്പാന്റെ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് ഈ പാണ്ടകളുടെ മടക്കം എന്നത് ശ്രദ്ധേയമാണ്. തായ്‌വാനെ ചൈന ആക്രമിച്ചാൽ സൈനികമായി നേരിടുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനാ തകയിച്ചി പ്രഖ്യാപിച്ചത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് ചൈന തങ്ങളുടെ പൗരന്മാർക്ക് ജപ്പാനിലേക്ക് യാത്ര ചെയ്യരുതെന്ന് നിർദ്ദേശം നൽകുകയും ചെയ്തു. 1949 മുതൽ ചൈന തങ്ങളുടെ സൗഹൃദം പ്രകടിപ്പിക്കാനോ അതൃപ്തി അറിയിക്കാനോ ‘പാണ്ട നയതന്ത്രം’ (Panda Diplomacy) ഉപയോഗിക്കാറുണ്ട്. വിദേശ രാജ്യങ്ങൾക്ക് നൽകുന്ന പാണ്ടകൾ നിശ്ചിത കാലാവധിക്ക് ശേഷം ചൈനയ്ക്ക് തന്നെ തിരികെ നൽകണമെന്നാണ് കരാർ.
അതേസമയം, അമേരിക്കയുമായും ഓസ്‌ട്രേലിയയുമായും ഉള്ള ബന്ധം മെച്ചപ്പെട്ടപ്പോൾ ചൈന പുതിയ പാണ്ടകളെ അവിടേക്ക് അയച്ചിരുന്നു. ദക്ഷിണ കൊറിയയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി പുതിയ പാണ്ടകളെ നൽകുന്നതിനെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ മ്യുങ്ങും തമ്മിൽ ചർച്ചകൾ നടത്തിവരികയാണ്. ജപ്പാനിലേക്ക് ഇനിയൊരു പാണ്ടയെ ചൈന നൽകുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായിരിക്കും. നിലവിൽ ജപ്പാനിൽ പാണ്ടകളില്ലാത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര അകലം വർധിക്കുന്നതിന്റെ പ്രതീകമായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നു.
Summary
Giant pandas Xiao Xiao and Lei Lei have returned to China from Japan, marking the first time since 1972 that Japan is without any giant pandas. Born in Tokyo’s Ueno Zoo in 2021, the twins arrived in Sichuan province on Wednesday to begin quarantine. Their departure highlights the current chill in Sino-Japanese relations, following Japan’s recent military warnings regarding Taiwan. While China often uses “panda diplomacy” to strengthen international ties, the absence of these animals in Japan reflects the deepening diplomatic rift between the two neighbors.



