റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി (RCom) ബന്ധപ്പെട്ട 40,000 കോടി രൂപയുടെ വമ്പൻ ബാങ്ക് വായ്പ തട്ടിപ്പിലും കള്ളപ്പണം വെളുപ്പിക്കൽ കേസ്സിലും അനിൽ അംബാനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി (Anil Ambani ED Questioning). രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായാണ് അദ്ദേഹം മുംബൈയിലെ ഇഡി ഓഫീസിലെത്തിയത്.
പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (PMLA) പ്രകാരമാണ് അനിൽ അംബാനിയുടെ മൊഴി രേഖപ്പെടുത്തുന്നത്. നേരത്തെ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന് പിന്നാലെ കൂടുതൽ വ്യക്തത തേടിയാണ് ഇഡി അദ്ദേഹത്തെ വീണ്ടും വിളിപ്പിച്ചത്.വിവിധ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് ആർകോം എടുത്ത വായ്പ തുക വകമാറ്റി ചിലവഴിച്ചതായും ഷെൽ കമ്പനികളിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. 40,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇതിൽ നടന്നതെന്നാണ് കണ്ടെത്തൽ.
എസ്ബിഐ (SBI) ഉൾപ്പെടെയുള്ള പ്രമുഖ ബാങ്കുകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പിൻപറ്റിയാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.വിദേശ കറൻസി മാനേജ്‌മെന്റ് ആക്ട് (FEMA) ലംഘനവുമായി ബന്ധപ്പെട്ട് നേരത്തെയും അംബാനി കുടുംബത്തെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. നിലവിലെ കേസ് അനിൽ അംബാനിയുടെ ബിസിനസ് സാമ്രാജ്യത്തിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.

