HomeTopഅതിശൈത്യത്തിൽ വിറച്ച് അമേരിക്ക: 5 മരണം, 10 ലക്ഷം പേർ ഇരുട്ടിൽ,...

അതിശൈത്യത്തിൽ വിറച്ച് അമേരിക്ക: 5 മരണം, 10 ലക്ഷം പേർ ഇരുട്ടിൽ, വിമാന സർവ്വീസുകൾ തടസപ്പെട്ടു, 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ | Heavy Snowfall

വാഷിങ്ടൺ: അതിശക്തമായ ശൈത്യകാല കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലുംപ്പെട്ട് അമേരിക്കയിൽ അഞ്ച് മരണം. രാജ്യം നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണെന്ന് വിലയിരുത്തപ്പെടുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ ഉൾപ്പെടെ 23 സംസ്ഥാനങ്ങളിൽ കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.(America shivers in extreme cold and Heavy Snowfall, 5 dead)

കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനം താറുമാറായി. പത്തുലക്ഷത്തിലധികം ആളുകൾ നിലവിൽ വൈദ്യുതിയില്ലാതെ ദുരിതത്തിലാണ്. യാത്രാ ക്ലേശവും രൂക്ഷമാണ്. പതിമൂവായിരത്തോളം വിമാന സർവീസുകളാണ് ഇതിനോടകം റദ്ദാക്കിയത്. മിക്ക പ്രധാന റോഡുകളിലും അപകടകരമായ വിധത്തിൽ മഞ്ഞുറഞ്ഞു കിടക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി പ്രധാന നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചു.

അരിസോണ മുതൽ അമേരിക്കയുടെ പകുതിയിലധികം ഭാഗങ്ങളും ഇപ്പോൾ കടുത്ത ശൈത്യത്തിന്റെ പിടിയിലാണ്. ഏകദേശം 18 കോടി ആളുകളെ ഈ കാലാവസ്ഥാ വ്യതിയാനം നേരിട്ട് ബാധിക്കുമെന്ന് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകി. സൗത്ത് കരോലിന, വിർജീനിയ, ടെന്നസി, ജോർജിയ തുടങ്ങി പന്ത്രണ്ടിലധികം സംസ്ഥാനങ്ങളിലെ ദുരന്ത പ്രഖ്യാപനങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. “ചരിത്രപരമായ കൊടുങ്കാറ്റ്” എന്നാണ് അദ്ദേഹം ഈ പ്രതിഭാസത്തെ വിശേഷിപ്പിച്ചത്.

ലൂസിയാന, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളിൽ മഞ്ഞുപാളികൾ ഉറഞ്ഞുകൂടി മരങ്ങൾ കടപുഴകുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്യുന്നത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഒരു വലിയ ചുഴലിക്കാറ്റ് വരുത്തിവെക്കുന്നതിന് സമാനമായ നാശനഷ്ടങ്ങൾ ഇതുമൂലം ഉണ്ടാകാമെന്ന് വിദഗ്ധർ ഭയപ്പെടുന്നു.

Clickable Info Box