ബഗഹ: ബീഹാറിലെ ബഗഹയിൽ വാല്മീകി ടൈഗർ റിസർവിനോട് ചേർന്നുള്ള വനമേഖലയിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ രണ്ട് മനുഷ്യ അസ്ഥികൂടങ്ങൾ കണ്ടെത്തി (Bagaha Forest Skeletons Found). ലൗകരിയ പോലീസ് സ്റ്റേഷൻ പരിധിയിലെ രാംപുർ മുസഹരി ടോളയ്ക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മദൻപുർ വനമേഖലയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സംഭവമറിഞ്ഞ് ബഗഹ എസ്പി, ഫോറൻസിക് സംഘം, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവസ്ഥലത്തുനിന്ന് വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഒരു മൊബൈൽ ഫോൺ, പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച ആത്മഹത്യാക്കുറിപ്പ് എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ, മദൻ ബീനിന്റെ മകൾ ദുലാരി ദേവി (14), പരേതനായ ഹീരാമൻ യാദവിന്റെ മകൻ അഖിലേഷ് യാദവ് (20) എന്നിവരുടേതാണ് അസ്ഥികൂടങ്ങളെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ മാസം മുതൽ ഇവരെ കാണാതായിരുന്നു. അഖിലേഷ് പ്ലസ് ടു കഴിഞ്ഞു വീട്ടിലെ ജോലികളിൽ സഹായിക്കുകയായിരുന്നു, ദുലാരി ദേവി അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.
സെപ്റ്റംബർ 16-ന് മകളെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് ദുലാരിയുടെ പിതാവ് അഖിലേഷിനും മറ്റ് ആറുപേർക്കുമെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ അഖിലേഷിന്റെ മാതാവും കോടതിയിൽ പരാതി നൽകി. അഞ്ചുമാസത്തോളമായി ഇവരെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ഇത് ഒരു ദുരഭിമാനക്കൊലയാണെന്ന് അഖിലേഷിന്റെ ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനാ ഫലവും പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.
Sensation prevailed in Bihar’s Bagaha after two human skeletons were found hanging from a tree in the Madanpur forest area of Valmiki Tiger Reserve. The deceased have been identified as 14-year-old Dulari Devi and 20-year-old Akhilesh Yadav, who had been missing since September 2025. While the girl’s family had previously filed a kidnapping case against the boy, Akhilesh’s family is now alleging it to be a case of “honor killing.” Police have recovered a suicide note and personal belongings from the spot and stated that the exact cause of death will be confirmed following DNA and forensic reports.



