Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeTimes of Tales'ചുവന്ന' രക്തമണമേന്തിയവൾ(കവിത)-മിത്ര

‘ചുവന്ന’ രക്തമണമേന്തിയവൾ(കവിത)-മിത്ര

🎙️ Latest Podcast

ചുവപ്പിന്റെ മാസ്മരികതയിലൂടെ

കടന്നു പോം ചക്രം കണക്കെ

ജീവിച്ചു തീർക്കുന്ന ജീവിത-

ങ്ങളിലൊന്നായിരുന്നവളും.

ചെറുപ്പത്തിലെന്നോ മുട്ടു പൊട്ടി,

രക്തം വാർന്നോർമ്മകളിൽ

ബന്ധിപ്പിച്ചിരുന്നവളാണവൾ.

എന്നിട്ടും ചുവപ്പിൻ പരിവേഷ-

ങ്ങളെത്ര സമർത്ഥമായാണവൾ

ആടിത്തിമിർത്തത്.

കൗമാരത്തിലാദ്യമായി

ചുവപ്പണിഞ്ഞപ്പോൾ

അന്ധാളിച്ച നിമിഷങ്ങൾ ഇന്നും

മനസ്സിൽ പേറിയവൾ…

നിശബ്ദമാം തേങ്ങലിനൊടുവിൽ

സ്ത്രീയായെന്ന തിരിച്ചറിവിൽ

അവളുടെ നിലവിളികൾ ശാന്തമായി.

ആദ്യ പ്രണയസമ്മാനാവും

ചുവന്നു കടുത്ത നിറമായിരുന്നത്രേ!

ആരാലും കാണാതെ

പുസ്തകത്താളിലൊളിപ്പിച്ച

ചുവന്ന പൂവിന്റെ നിറം.

തമ്മിലുണ്ടായിരുന്ന പ്രണയം

കണക്കെ നിറം മങ്ങിപോയെന്ന

തിരിച്ചറിവിലറ്റുപോം ഞെരമ്പുകളിൽ

കിനിഞ്ഞിറങ്ങിയ രക്തവും

ചുവന്ന കൊഴുത്ത നിറമായിരുന്നു.

ഓർമ്മകൾക്ക് മരണം സംഭവിച്ചെന്നു

തോന്നിയപ്പോൾ സിന്ദൂരരേഖയിലമർന്ന

ചുവപ്പിന്റെ അന്നോളമനുഭവിക്കാത്ത

സ്നേഹമവളിൽ പറ്റിപ്പിടിച്ചു.

ഒരിടവേളയ്ക്കപ്പുറം തന്റേതെന്ന-

വകാശപ്പെടാൻ കഴിയുന്ന വേദനയെ

അടുത്തറിഞ്ഞ നിമിഷത്തിൽ

മുലയൂട്ടാനെന്നോണം അവളുടെ

സ്തനങ്ങൾ വേദനിച്ചു.

“പെൺകുട്ടിയാണ്..”

അവളും രക്ത- ചക്രത്തിന്റെ

ഭാഗമാവേണ്ടവളാണെന്ന തോന്നലിൽ

ഒരു നെടുവീർപ്പിലവൾ

ചിന്തകൾക്ക് പൂർണ്ണ വിരാമമിട്ടു.

——————————-

മിത്ര

മലപ്പുറം

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.