കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി. മണ്ഡലമായി പേരാവൂർ മാറുന്നു (K.K. Shailaja candidate Peravoor 2026). കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിനെ നേരിടാൻ മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ സി.പി.എം. നിയോഗിച്ചതോടെയാണിത്. മട്ടന്നൂരിൽ ചരിത്ര ഭൂരിപക്ഷം നേടിയ ശൈലജ ടീച്ചർക്ക് ഇത്തവണ ആ മണ്ഡലം നൽകേണ്ടതില്ലെന്ന പാർട്ടി തീരുമാനത്തെ തുടർന്നാണ് പേരാവൂരിലേക്ക് മാറുന്നത്.
അതൃപ്തിയോടെ ശൈലജ ടീച്ചർ
പേരാവൂരിലേക്ക് മാറുന്നതിനോട് തുടക്കം മുതലേ ശൈലജ ടീച്ചർ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ തന്റെ നീരസം വ്യക്തമാക്കിയ അവർ കേന്ദ്ര നേതൃത്വത്തെയും അതൃപ്തി അറിയിച്ചതായാണ് വിവരം. എന്നാൽ മണ്ഡലം തിരിച്ചുപിടിക്കുക എന്ന പാർട്ടി ദൗത്യം ടീച്ചർ ഒടുവിൽ അംഗീകരിക്കുകയായിരുന്നു.
പേരാവൂരിലെ രാഷ്ട്രീയ ചിത്രം
മണ്ഡലം തിരിച്ചുപിടിക്കാൻ ശൈലജ ഇറങ്ങുമ്പോൾ കണക്കുകൾ സണ്ണി ജോസഫിന് അനുകൂലമാണ്.
2006-ൽ റെക്കോഡ് ഭൂരിപക്ഷത്തിന് (9,099) പേരാവൂരിൽ നിന്ന് ജയിച്ച ചരിത്രം ശൈലജയ്ക്കുണ്ട്. എന്നാൽ മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ചിത്രം മാറി. 2011-ൽ സണ്ണി ജോസഫിനോട് ടീച്ചർ പരാജയപ്പെട്ടിരുന്നു.കഴിഞ്ഞ മൂന്ന് തവണയും സണ്ണി ജോസഫ് ഇവിടെ വിജയമാവർത്തിച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ. സുധാകരൻ 23,481 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ നേടിയത്.
മണ്ഡലത്തിലെ 9 തദ്ദേശ സ്ഥാപനങ്ങളിൽ 5 എണ്ണവും യു.ഡി.എഫ്. ഭരണത്തിലാണ്. തദ്ദേശ വോട്ട് കണക്കിൽ യു.ഡി.എഫിന് 10,230 വോട്ടിന്റെ മുൻതൂക്കമുണ്ട്.
പോരാട്ടം കടുക്കും
സി.പി.എമ്മിന് വലിയ സ്വാധീനമുണ്ടായിരുന്ന മട്ടന്നൂർ നഗരസഭയും തില്ലങ്കേരിയും അടക്കമുള്ള ഭാഗങ്ങൾ മണ്ഡലത്തിൽ നിന്ന് മാറിയതാണ് എൽ.ഡി.എഫിന് വെല്ലുവിളി. എന്നാൽ ശൈലജ ടീച്ചറുടെ വ്യക്തിപ്രഭാവവും വികസന പ്രവർത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. കെ.പി.സി.സി. അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് മണ്ഡലം നിലനിർത്തേണ്ടത് അഭിമാനപ്രശ്നവുമാണ്.
Story Summary:
Peravoor constituency is set for a high-profile battle between KPCC President Sunny Joseph and former Health Minister K.K. Shailaja. Despite expressing her dissatisfaction to the CPM leadership about shifting from Mattannur, Shailaja has accepted the party’s decision to contest in Peravoor. While she won the seat in 2006, Sunny Joseph has held it for three consecutive terms since 2011. With a significant UDF lead in recent Lok Sabha and local body polls, the contest will be a tough test for Shailaja’s popularity.

