ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കുന്നതിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്ക് കത്തയച്ചു. ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന്റെ പുരോഗതിക്കും വനിതാ സംവരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഏപ്രിൽ 16 മുതൽ പാർലമെന്റിൽ ബില്ലിന്മേൽ ചരിത്രപരമായ ചർച്ച നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ നീക്കം.(Women’s Reservation Bill, PM Modi’s letter seeking support)
സ്ത്രീകൾ നയിക്കുമ്പോഴേ ഒരു സമൂഹം മുന്നേറുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ വനിതാ സംവരണത്തോടെ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചരിത്രപരമായ ഈ നിയമം ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ആഗ്രഹിക്കുന്നത്. എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി നിന്ന് ബിൽ പാസാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റ് അംഗങ്ങൾ നിർബന്ധമായും സഭയിൽ ഹാജരാകണമെന്ന് ബിജെപി വിപ്പ് നൽകിയിട്ടുണ്ട്. ബിൽ പാസാക്കുന്നതിന് മുൻപായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പുകൾക്കിടയിൽ രാഷ്ട്രീയ ലാഭത്തിനായാണ് സർക്കാർ ധൃതിപിടിച്ച് ബിൽ കൊണ്ടുവരുന്നതെന്ന് ഖാർഗെ കുറ്റപ്പെടുത്തി.

