ന്യൂഡൽഹി: ടെലികോം ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമേകുന്ന നിർദ്ദേശവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI Voice SMS Only Plans 2026). ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്കായി കുറഞ്ഞ നിരക്കിൽ വോയ്‌സ് കോളുകളും എസ്എംഎസും മാത്രം ലഭ്യമാകുന്ന പ്ലാനുകൾ നിർബന്ധമാക്കാൻ ട്രായ് ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി. 2026-ലെ കരട് ടെലികോം ഉപഭോക്തൃ സംരക്ഷണ (പതിമൂന്നാം ഭേദഗതി) റെഗുലേഷനിലാണ് ഈ സുപ്രധാന നിർദ്ദേശമുള്ളത്.
നിലവിൽ മിക്ക റീചാർജ് പ്ലാനുകളും ഡാറ്റ ഉൾപ്പെട്ടതാണ്. ഇന്റർനെറ്റ് ആവശ്യമില്ലാത്ത ഉപഭോക്താക്കൾ പോലും ഡാറ്റാ ചാർജ് കൂടി ഉൾപ്പെട്ട വലിയ തുക നൽകി റീചാർജ് ചെയ്യേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം. നിലവിൽ ചില കമ്പനികൾ വോയ്‌സ് പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും അവയ്ക്ക് ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഡാറ്റ ഒഴിവാക്കുമ്പോൾ അതിനനുസരിച്ചുള്ള വിലക്കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് ട്രായ് ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഏകദേശം 15 കോടി വരിക്കാർ ഇപ്പോഴും 2ജി കണക്ഷനുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇവർ ഭൂരിഭാഗവും ഇന്റർനെറ്റ് ഉപയോഗിക്കാത്തവരാണെന്നും ട്രായ് നടത്തിയ സർവ്വേയിൽ കണ്ടെത്തി.
ഓരോ ടെലികോം ഓപ്പറേറ്ററും വോയ്‌സിനും എസ്എംഎസിനും മാത്രമായി കുറഞ്ഞത് ഒരു പ്രത്യേക താരിഫ് വൗച്ചറെങ്കിലും (Tariff Voucher) നൽകണമെന്നാണ് നിർദ്ദേശം. ഇതുവഴി ടെലികോം മേഖലയിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും സാധാരണക്കാരായ ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സാധിക്കും.
ഈ പുതിയ നിർദ്ദേശത്തിന്മേൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്. ഏപ്രിൽ 28-നകം അഭിപ്രായങ്ങൾ അറിയിക്കാനാണ് ട്രായ് നിർദ്ദേശിച്ചിരിക്കുന്നത്. അതിനുശേഷം ഭേദഗതികൾ വരുത്തി റെഗുലേഷൻ ഔദ്യോഗികമായി നടപ്പിലാക്കും.
Story Summary:
TRAI has proposed a mandate for telecom operators to offer exclusive voice and SMS plans without mandatory data bundling. Aimed at protecting consumers, especially the 150 million 2G users who do not use the internet, the Draft Telecom Consumers Protection (Thirteenth Amendment) Regulations, 2026, seeks to reduce the financial burden on low-income users. TRAI noted that current data-excluded plans are overpriced and lack transparency. Public opinions on this proposal are invited until April 28, 2026.

