റാഞ്ചി: രോഗിയായ സഞ്ജയ്‌യെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ചാർട്ടർ ചെയ്ത കുടുംബം വിധിക്ക് കീഴടങ്ങി. റാഞ്ചിയിൽ നിന്ന് പറന്നുയർന്ന് 23 മിനിറ്റിനുള്ളിൽ ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് വിമാനം തകർന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന ഏഴുപേരും അപകടത്തിൽ കൊല്ലപ്പെട്ടു.(Took a loan and chartered an air ambulance, ended in Air ambulance crash)
സ്വന്തം ഹോട്ടലിലുണ്ടായ തീപിടുത്തത്തിലാണ് സഞ്ജയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. ചികിത്സയ്ക്കായി സ്ഥലം വിൽക്കാൻ ശ്രമിച്ചെങ്കിലും നടക്കാത്തതിനാലാണ് എട്ടു ലക്ഷം രൂപ വായ്പയെടുത്ത് റെഡ് ബേർഡ് എയർവേസിന്റെ എയർ ആംബുലൻസ് ചാർട്ടർ ചെയ്തത്.
സഞ്ജയ്, ഭാര്യ അർച്ചന, ബന്ധു ധ്രുവ് കുമാർ എന്നിവർക്ക് പുറമെ ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, കോ-പൈലറ്റ് സർവജ്ദീപ് സിംഗ്, ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക് സച്ചിൻ കുമാർ മിശ്ര എന്നിവരാണ് മരിച്ചത്. ബീച്ച് ക്രാഫ്റ്റ് സി 90 മോഡൽ വിമാനമാണ് തകർന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് 23 മിനിറ്റിന് ശേഷം റഡാറിൽ നിന്ന് കാണാതായ വിമാനം ചത്രയിലെ മലനിരകളിൽ തകരുകയായിരുന്നു.

