ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു (Tamil Nadu BJP Candidate List). പ്രമുഖ നേതാക്കൾ തമ്മിലുള്ള സീറ്റ് തർക്കം പരിഹരിക്കാനാവാത്ത നിലയിലായതോടെ പാർട്ടിയിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും നിലവിലെ എംഎൽഎ വാനതി ശ്രീനിവാസനും തമ്മിലുള്ള പോരാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്.
കോയമ്പത്തൂർ മണ്ഡലത്തെച്ചൊല്ലിയാണ് പ്രധാന തർക്കം നിലനിൽക്കുന്നത്. താൻ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ അത് കോയമ്പത്തൂരിൽ നിന്ന് മാത്രമായിരിക്കുമെന്ന് അണ്ണാമലൈ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.എന്നാൽ കോയമ്പത്തൂരിലെ ബിജെപിയുടെ ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതാണെന്നും അവിടെത്തന്നെ മത്സരിക്കുമെന്നും വാനതി ശ്രീനിവാസൻ ഉറപ്പിച്ചു പറയുന്നു.
എൻഡിഎ സഖ്യത്തിൽ കോയമ്പത്തൂരിൽ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചിട്ടുള്ളത്. അണ്ണാമലൈ നേരത്തെ താല്പര്യം പ്രകടിപ്പിച്ചിരുന്ന ഗൗണ്ടംപാളയം, സിംഗനല്ലൂർ, അറവാക്കുറിച്ചി എന്നീ സീറ്റുകൾ ഇത്തവണ അണ്ണാഡിഎംകെയ്ക്കാണ് (AIADMK) അനുവദിച്ചിരിക്കുന്നത്. തന്റെ താല്പര്യപ്രകാരമുള്ള മണ്ഡലങ്ങൾ ലഭിക്കാത്ത സാഹചര്യത്തിൽ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി അണ്ണാമലൈ നേതൃത്വത്തിന് കത്തയച്ചതായും റിപ്പോർട്ടുകളുണ്ട്.
നേതാക്കൾ തമ്മിലുള്ള തർക്കം അണികളിലേക്കും പടർന്നതോടെ സോഷ്യൽ മീഡിയയിൽ അണ്ണാമലൈ അനുകൂലികളും വാനതി ശ്രീനിവാസൻ അനുകൂലികളും തമ്മിൽ രൂക്ഷമായ വാക്പോര് നടക്കുകയാണ്.
ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരുടെ പാനൽ തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഈ തർക്കം നിലനിൽക്കുന്നത് ബിജെപിക്ക് തലവേദനയായിട്ടുണ്ട്. കേന്ദ്ര നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കാത്ത പക്ഷം ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
Story Summary:
Internal conflict has erupted within the Tamil Nadu BJP over candidate selection for the upcoming assembly elections. The main dispute is between former state president K. Annamalai and Vanathi Srinivasan over the Coimbatore seat. Annamalai insisted on contesting only from Coimbatore after his other preferred seats were allocated to AIADMK. The rift has spread to social media, where supporters of both leaders are engaged in a heated debate.

