ന്യൂഡൽഹി: എൻജിൻ തകരാറിനെത്തുടർന്ന് സ്പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഡൽഹിയിൽ നിന്ന് ലേയിലേക്ക് പുറപ്പെട്ട SG 121 വിമാനമാണ് സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ നിർത്തി മടങ്ങിയത്.(SpiceJet flight with 150 passengers makes emergency landing in Delhi)
പറന്നുയർന്നതിന് പിന്നാലെ എൻജിനിൽ തകരാർ ശ്രദ്ധയിൽപ്പെട്ട പൈലറ്റ് ഉടൻ തന്നെ ‘മെയ്ഡേ’ സന്ദേശം നൽകി അടിയന്തര ലാൻഡിംഗിന് അനുമതി തേടി. രാവിലെ 6.08-ന് ഡൽഹിയിൽ നിന്ന് പറന്നുയർന്ന വിമാനം, ഏകദേശം 40 മിനിറ്റുകൾക്ക് ശേഷം 6.49-ഓടെ തിരികെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.
മെയ്ഡേ സന്ദേശം ലഭിച്ച ഉടൻ തന്നെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിനുള്ള എല്ലാ പ്രോട്ടോക്കോളുകളും സജ്ജമാക്കിയിരുന്നു. സാങ്കേതിക തകരാർ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും വിമാനം സുരക്ഷിതമായാണ് ലാൻഡ് ചെയ്തതെന്നും സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. യാത്രക്കാരെയെല്ലാം സാധാരണ നിലയിൽ വിമാനത്തിൽ നിന്ന് പുറത്തെത്തിച്ചു. കോക്ക്പിറ്റിൽ തീപിടുത്ത മുന്നറിയിപ്പ് ഒന്നും ഉണ്ടായിരുന്നില്ലെന്നും വക്താവ് വ്യക്തമാക്കി.

