ലഖ്‌നൗ: ഉത്തർപ്രദേശിലെ പിലിഭിത് ടൈഗർ റിസർവിൽ നിന്ന് വന്യജീവി പ്രേമികളെ അമ്പരപ്പിക്കുന്ന ഒരു ദൃശ്യം പുറത്തുവന്നു. വനത്തിലൂടെ നടന്നുപോവുകയായിരുന്ന പെൺകടുവയെ ഒരു സ്ലോത്ത് ബിയർ ഓടിച്ചുവിടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത് (Sloth Bear Attacks Tigress Pilibhit Tiger Reserve). സഫാരിക്കെത്തിയ വിനോദസഞ്ചാരികളാണ് ഈ അപൂർവ നിമിഷം ക്യാമറയിൽ പകർത്തിയത്.
സംഭവം ഇങ്ങനെ
മാർച്ച് 13-നായിരുന്നു വന്യജീവി ലോകത്തെ ഈ അപ്രതീക്ഷിത പോരാട്ടം നടന്നത്. വനമേഖലയിലെ പ്രശസ്തമായ ‘നൈന’ എന്ന പെൺകടുവയാണ് കരടിയുടെ ആക്രമണത്തിന് മുന്നിൽ പതറിയത്. കടുവയെ കണ്ടതും ഒട്ടും ഭയപ്പെടാതെ കരടി ആക്രോശിച്ചുകൊണ്ട് നേരെ പാഞ്ഞടുക്കുകയായിരുന്നു. കരടിയുടെ അപ്രതീക്ഷിത നീക്കത്തിൽ പകച്ചുപോയ കടുവ പതുക്കെ പിൻവാങ്ങി കാടിനുള്ളിലേക്ക് മറഞ്ഞു. മനിന്ദർ സിംഗ് ധലിവാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.
കാട്ടിലെ ഏറ്റവും കരുത്തരായ വേട്ടക്കാരാണ് കടുവകളെങ്കിലും, സ്ലോത്ത് ബിയറുകൾ അവയുടെ പ്രവചനാതീതമായ സ്വഭാവത്തിന് പേരുകേട്ടവയാണ്. ഭീഷണിയുണ്ടായാൽ തന്നേക്കാൾ വലിയ മൃഗങ്ങളെപ്പോലും നേരിടാൻ ഇവ മടിക്കാറില്ല. അനാവശ്യമായ സംഘട്ടനങ്ങൾ ഒഴിവാക്കാൻ കടുവകൾ ശ്രമിക്കാറുള്ളതും ഈ പിൻവാങ്ങലിന് കാരണമാകാമെന്ന് വന്യജീവി വിദഗ്ധർ അഭിപ്രായപ്പെടുന്നു.
View this post on Instagram
വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. “കടുവകൾ ബുദ്ധിയുള്ള മൃഗങ്ങളാണ്, പരിക്കേൽക്കാൻ സാധ്യതയുള്ള പോരാട്ടങ്ങൾ അവ ഒഴിവാക്കും” എന്ന് ഒരാൾ കുറിച്ചപ്പോൾ, “കരടിയുടെ വലിപ്പം കടുവയുടേതിന് തുല്യമായതുകൊണ്ടാണ് കടുവ പേടിച്ചതെന്ന്” മറ്റൊരാൾ അഭിപ്രായപ്പെട്ടു. മനുഷ്യരെ കാണുമ്പോൾ നാണംകുണുങ്ങികളായ കരടികൾ കടുവയെ തുരത്തുന്നത് കണ്ട് അത്ഭുതം പ്രകടിപ്പിച്ചവരും കുറവല്ല.
View this post on Instagram

