ന്യൂഡൽഹി: പ്രതിരോധം, കൃഷി, ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് 1,800 കോടി രൂപയുടെ തദ്ദേശീയ ഡ്രോൺ നിർമ്മാണ പദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. നിലവിൽ ഇന്ത്യൻ ഡ്രോൺ വിപണിയിലെ പകുതിയിലധികം ഘടകഭാഗങ്ങളും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യസുരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വെല്ലുവിളിയാകുന്ന ഈ സാഹചര്യം ഒഴിവാക്കി, 2030-ഓടെ ഇന്ത്യയെ ലോകത്തെ ഡ്രോൺ ഉത്പാദന കേന്ദ്രമായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.(Self-sufficiency in drone manufacturing, Center with massive project worth Rs 1,800 crore )
ഉത്പന്ന കേന്ദ്രീകൃത ആനുകൂല്യ പദ്ധതി മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയിൽ സാമ്പത്തിക സഹായം രണ്ട് വിഭാഗങ്ങളിലായി നൽകും. നിർമ്മാണ പ്രോത്സാഹനം 1,200 കോടിയാണ്. ഡ്രോൺ ബോഡികൾ, മോട്ടോറുകൾ തുടങ്ങിയവയുടെ ഉത്പാദനത്തിനും വിപണനത്തിനും ആണിത്. ഗവേഷണവും വികസനവും നടത്താൻ 600 കോടിയാണ്. നവീനമായ രൂപകല്പനകൾക്കും നൂതന സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുമായി ഈ തുക മാറ്റിവെക്കും.
ഡ്രോണുകളുടെ ‘മസ്തിഷ്കം’ എന്ന് വിശേഷിപ്പിക്കുന്ന ഫ്ലൈറ്റ് കൺട്രോളറുകൾ മുതൽ ചട്ടക്കൂടുകൾ വരെ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ കമ്പനികൾക്ക് പിന്തുണ നൽകും. എയർഫ്രെയിമുകൾ, പ്രൊപ്പല്ലറുകൾ, ലിഥിയം പോളിമർ ബാറ്ററികൾ, ജിപിഎസ് മൊഡ്യൂളുകൾ, സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 12 മന്ത്രാലയങ്ങളുടെ ഏകോപനത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതി നിർണ്ണായകമാകും. അതിർത്തിയിലെ കനത്ത നിരീക്ഷണത്തിനും സുരക്ഷാ പരിശോധനയ്ക്കും, കീടനാശിനി തളിക്കാനും വിളകളുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും, ദുർഘടമായ പ്രദേശങ്ങളിൽ മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും വേഗത്തിൽ എത്തിക്കാനും, വലിയ പാലങ്ങൾ, കെട്ടിടങ്ങൾ, വൈദ്യുതി ലൈനുകൾ എന്നിവയുടെ സുരക്ഷാ പരിശോധനയ്ക്കും ഇത് ഏറെ ഉപകാരപ്രദമാകും.
നിലവിൽ 4,500 കോടി രൂപ മൂല്യമുള്ള ഇന്ത്യൻ ഡ്രോൺ വിപണി 2028-ഓടെ 1.66 ലക്ഷം കോടി രൂപയായി വളരുമെന്നാണ് കണക്കാക്കുന്നത്. അദാനി ഡിഫൻസ്, ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, ഐഡിയഫോർജ് തുടങ്ങിയ വൻകിട കമ്പനികൾക്കൊപ്പം ചെറുകിട സംരംഭകർക്കും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ‘ഭാരത് ഡ്രോൺ സ്റ്റാക്ക്’ എന്ന പ്ലാറ്റ്‌ഫോമിൽ അണിനിരന്ന 200-ലധികം ഘടകഭാഗ നിർമ്മാതാക്കൾ ഈ ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ കരുത്തായി മാറും.

