ഹൈദരാബാദ്: തമിഴ് നടൻ വിജയ്, തൃഷ എന്നിവരെക്കുറിച്ച് താൻ നടത്തിയ വിവാദ പരാമർശങ്ങളിൽ മാറ്റമില്ലെന്ന് നടനും സംവിധായകനുമായ സമുദ്രക്കനി (Samuthirakani Statement on Vijay Trisha). തന്റെ പുതിയ ചിത്രമായ ‘കാർമേനി സെൽവ’ത്തിന്റെ പ്രചാരണത്തിനിടെ ഹൈദരാബാദിൽ വെച്ചാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. താൻ പറഞ്ഞ കാര്യങ്ങൾ റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് അറിഞ്ഞുതന്നെയാണ് സംസാരിച്ചതെന്നും അതിൽ ഒട്ടും ഖേദമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാർച്ചിൽ ചെന്നൈയിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ വിജയും തൃഷയും ഒരുമിച്ച് പങ്കെടുത്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വിജയ്യുടെ ഭാര്യ സംഗീത വിവാഹമോചനക്കേസ് നൽകിയെന്ന വാർത്തകൾക്കിടെയായിരുന്നു ഇത്. ചടങ്ങിൽ ഇരുവരും സമാനമായ വസ്ത്രങ്ങൾ ധരിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.
സംവിധായകൻ ബാലയുമായി സംസാരിക്കുന്നതിനിടെയാണ് സമുദ്രക്കനി ഈ വിഷയത്തിൽ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.ഇത്തരം കാര്യങ്ങൾ നാല് ചുവരുകൾക്കുള്ളിൽ ഒതുക്കേണ്ടതാണെന്നും എന്തിനാണ് പരസ്യമായി പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിജയ്യുടെ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ പോലും ഈ പ്രവൃത്തിയോട് യോജിക്കുന്നില്ലെന്ന് സമുദ്രക്കനി വീഡിയോയിൽ പറഞ്ഞിരുന്നു. ഈ സംഭാഷണം ചോർന്നതോടെയാണ് സംഭവം വലിയ വിവാദമായത്.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെ ആദ്യം പിന്തുണച്ച ഒരാളെന്ന നിലയിൽ ഈ സംഭവങ്ങൾ തന്നെ വേദനിപ്പിച്ചുവെന്ന് സമുദ്രക്കനി വെളിപ്പെടുത്തി.
“എന്റെ മനോവിഷമമാണ് അവിടെ പങ്കുവെച്ചത്. വീഡിയോ എടുത്ത വ്യക്തി സംഭാഷണത്തിന്റെ തുടക്കം ഒഴിവാക്കി അവസാനം മാത്രമാണ് പുറത്തുവിട്ടത്. എങ്കിലും മനസ്സിലുള്ളത് തുറന്നുപറയാൻ എനിക്ക് മടിയൊന്നുമില്ല. ഞാൻ സത്യസന്ധമായാണ് സംസാരിച്ചത്,” – സമുദ്രക്കനി പറഞ്ഞു.
വിജയ്യുടെ രാഷ്ട്രീയ പ്രതിച്ഛായയെ ഇത്തരം സംഭവങ്ങൾ ബാധിക്കുമെന്ന ആശങ്കയാണ് താൻ പങ്കുവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Short Story Summary:
Actor-director Samuthirakani has stood by his controversial remarks regarding Vijay and Trisha. During the promotion of his film ‘Karmeni Selvam’, he clarified that he was aware of being recorded and does not regret his comments. The controversy began after Vijay and Trisha appeared together at a wedding in March, wearing similar outfits, amidst news of Vijay’s divorce. Samuthirakani, an early supporter of Vijay’s political entry, expressed disappointment over the public display of personal matters.

