നോയിഡ: ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് നോയിഡയിലെ വിവിധ വ്യാവസായ മേഖലകളിൽ ഫാക്ടറി തൊഴിലാളികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. ദീർഘകാലമായി ഉന്നയിക്കുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വിവിധ വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.( Protest over salary hike turns violent in Noida, Vehicle set on fire)
സമാധാനപരമായി തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധക്കാർക്കിടയിലുണ്ടായിരുന്ന ചിലർ വസ്തുവകകൾ നശിപ്പിക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു വാഹനത്തിന് പ്രതിഷേധക്കാർ തീയിട്ടു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പ്രതിഷേധ സ്ഥലങ്ങളിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടു. തൊഴിലാളികളെ പ്രകോപിപ്പിക്കാനും അക്രമം അഴിച്ചുവിടാനും ശ്രമിക്കുന്ന വിരുദ്ധ ശക്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അദ്ദേഹം അധികാരികൾക്ക് നിർദ്ദേശം നൽകി. അക്രമ സംഭവങ്ങളെത്തുടർന്ന് നോയിഡയിലെ പല വ്യവസായ ശാലകളുടെയും പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടു.

