ബംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ വമ്പന്മാരായ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന അമിത നിരക്കുകളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ച (Ownly App Rapido Food Delivery Bengaluru) . ബംഗളൂരു സ്വദേശിയായ ശ്രേയ ഝാ എന്ന യുവതി ഒരേ റസ്റ്റോറന്റിൽ നിന്നുള്ള ഒരേ പിസ്സ മൂന്ന് വ്യത്യസ്ത ആപ്പുകളിൽ താരതമ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വില വ്യത്യാസം കണ്ടെത്തിയത്. ജെ.പി നഗറിലെ പിസ്സ ഹട്ടിൽ നിന്നുള്ള ‘കോൺ പിസ്സ’ ആണ് ശ്രേയ സൊമാറ്റോ, സ്വിഗ്ഗി, കൂടാതെ പുതുതായി പുറത്തിറങ്ങിയ ‘ഓൺലി’ (Ownly) എന്നീ ആപ്പുകളിൽ പരിശോധിച്ചത്.
വിലയിലെ വ്യത്യാസം ഇങ്ങനെ:
സൊമാറ്റോ (Zomato): പിസ്സയുടെ വില 119 രൂപയായിരുന്നു. എന്നാൽ പാക്കേജിംഗ് ചാർജ് (25 രൂപ), ഡെലിവറി ഫീ (19 രൂപ), പ്ലാറ്റ്‌ഫോം ഫീ (12.50 രൂപ), ഫീഡിംഗ് ഇന്ത്യ ഡൊണേഷൻ (3 രൂപ) എന്നിവ ചേർത്ത് ആകെ തുക 191.37 രൂപയായി ഉയർന്നു.
സ്വിഗ്ഗി (Swiggy): 50 രൂപ കിഴിവ് ലഭിച്ചിട്ടും ഡെലിവറി ഫീ (56 രൂപ), ജിഎസ്ടി എന്നിവ അടക്കം ബിൽ തുക 180 രൂപയിലെത്തി.
ഓൺലി (Ownly): പിസ്സയുടെ യഥാർത്ഥ വിലയായ 119 രൂപയും ജിഎസ്ടി ഇനത്തിൽ 5.95 രൂപയും മാത്രമാണ് ഇവിടെ ഈടാക്കിയത്. വെറും 125 രൂപയ്ക്ക് ശ്രേയയ്ക്ക് പിസ്സ ലഭിച്ചു.
Yesterday I was reading about Ownly, a food delivery app, started by Rapido.
– they claim to have no hidden charges.
-low commission from restaurant owners
– they already have a fleet.So I checked the prices of corn pizza on Swiggy, Zomato and Ownly.
1. Swiggy:
There is a… pic.twitter.com/Ub2BXACGF2— Shreya (@miless_15) March 4, 2026
റാപ്പിഡോ മാർച്ച് 3-ന് ബംഗളൂരുവിൽ പുറത്തിറക്കിയ പുതിയ ഫുഡ് ഡെലിവറി ആപ്പാണ് ‘ഓൺലി’. ഹോട്ടലുകളിൽ നിന്ന് കമ്മീഷൻ ഈടാക്കാത്ത ‘സീറോ കമ്മീഷൻ’ മോഡലിലാണ് ഇത് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഹോട്ടലിലെ യഥാർത്ഥ വിലയ്ക്ക് തന്നെ ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നു. സ്വിഗ്ഗിയും സൊമാറ്റോയും 15 മുതൽ 30 ശതമാനം വരെ കമ്മീഷൻ ഈടാക്കുന്നതിനാൽ ഹോട്ടലുകൾ ആപ്പുകളിൽ ഭക്ഷണത്തിന് വില വർദ്ധിപ്പിക്കാറുണ്ട്.
ഇത്രയും കുറഞ്ഞ നിരക്കിൽ സേവനം നൽകുന്നത് എത്രത്തോളം ലാഭകരമാണെന്നും ഭാവിയിൽ ഈ ആപ്പും വില വർദ്ധിപ്പിക്കുമോ എന്നും ശ്രേയ തന്റെ പോസ്റ്റിൽ ചോദിക്കുന്നുണ്ട്. തുടക്കത്തിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ വേണ്ടിയുള്ള തന്ത്രമാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പ്രതികരിക്കുന്നത്. എന്തായാലും ബംഗളൂരുവിലെ ഭക്ഷണപ്രേമികൾക്കിടയിൽ ഇപ്പോൾ ‘ഓൺലി’ വലിയ ചർച്ചയായിരിക്കുകയാണ്.

