Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala
HomeNationalനർമ്മദയിൽ ഒഴുക്കിയത് 11,000 ലിറ്റർ പാൽ: മതപരമായ ചടങ്ങിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ...

നർമ്മദയിൽ ഒഴുക്കിയത് 11,000 ലിറ്റർ പാൽ: മതപരമായ ചടങ്ങിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം | Narmada

🎙️ Latest Podcast

ഭോപ്പാൽ: നർമ്മദാനദിയിൽ മതപരമായ ചടങ്ങിന്റെ ഭാഗമായി ആയിരക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിവിട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം. വിശ്വാസം, പരിസ്ഥിതി ഉത്തരവാദിത്തം, വിഭവങ്ങളുടെ പാഴാക്കൽ എന്നിവയെക്കുറിച്ച് രാജ്യവ്യാപകമായ ചർച്ചകൾക്ക് ഈ സംഭവം വഴിവെച്ചിരിക്കുകയാണ്.(Outrage after 11,000 litres of milk poured into the Narmada)

നർമ്മദാ നദീതീരത്ത് നടന്ന ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഒരു ടാങ്കറിൽ നിന്ന് നേരിട്ട് പുഴയിലേക്ക് പാൽ ഒഴുക്കിവിടുന്നതും വിശ്വാസികൾ നോക്കിനിൽക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഏകദേശം 11,000 ലിറ്റർ പാൽ ഇത്തരത്തിൽ നദിയിൽ ഒഴുക്കിയതായാണ് വിവരം.

ഒഴുക്കിവിട്ട പാലിന് ഏകദേശം 5.5 ലക്ഷം മുതൽ 7.7 ലക്ഷം രൂപ വരെ വിലമതിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എക്സിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കുള്ളിൽ ചർച്ചയായി. മറ്റൊരു വീഡിയോയിൽ പുരോഹിതന്റെ സാന്നിധ്യത്തിൽ വിശ്വാസികൾ ചടങ്ങുകൾ നടത്തുന്നതും കാണാം.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. നമ്മൾ നമ്മുടെ നദികളെ കൊല്ലുകയാണ്. ഈ പാൽ പാവപ്പെട്ടവർക്ക് വിതരണം ചെയ്യാമായിരുന്നു, ഒരു ഉപയോക്താവ് കുറിച്ചു. പരിസ്ഥിതിയെ നശിപ്പിച്ചിട്ട് പുണ്യം കിട്ടുമെന്ന് ഇവർ കരുതുന്നു. വിദേശ രാജ്യങ്ങളിലായിരുന്നു ഇത്തരമൊരു പ്രവർത്തി ചെയ്തതെങ്കിൽ ഇവർ ജയിലിൽ അകപ്പെടുമായിരുന്നു എന്ന് മറ്റൊരാൾ പറയുന്നു.

വിശ്വാസത്തിന്റെ പേരിൽ നർമ്മദാനദിയിലേക്ക് പാൽ ഒഴുക്കുന്നത് ക്രൂരതയാണെന്നും നദിയുടെ സ്ഥിതിയെ ഇത് ബാധിക്കുമെന്നും മധ്യപ്രദേശ് സർക്കാർ ഇതിൽ ഇടപെടണമെന്നും പലരും ആവശ്യപ്പെട്ടു. അതേസമയം, ഈ പ്രവർത്തിയെ പിന്തുണച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ പണം നൽകി വാങ്ങിയ പാൽ പ്രിയപ്പെട്ട ദൈവത്തിന് അർപ്പിക്കുന്നതിൽ തെറ്റില്ലെന്നും ഇത് വിശ്വാസത്തിന്റെ ഭാഗമാണെന്നുമാണ് ഇവരുടെ വാദം. വിശ്വാസവും പരിസ്ഥിതി ബോധവും തമ്മിലുള്ള പോരാട്ടമായി ഈ സംഭവം മാറിയിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.